Saturday, February 22, 2014

Accountability of a Research Scholar

21 Nov 2013 വ്യാഴാഴ്ച, Mathrubhumi
ഗവേഷണത്തിന് പോയി വെറുംകൈയോടെ മടക്കം
ജി. ഷഹീദ്‌
നിയമവേദി

മൂന്നുവര്‍ഷത്തെ ഗവേഷണത്തിനായി എന്‍ജിനീയറിങ് അധ്യാപകന്‍ പോയത് വെറുംകൈയോടെ തിരിച്ചുവരാനല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

എന്‍ജിനീയര്‍ പിഎച്ച്.ഡി. പഠനത്തിന് ചേര്‍ന്നതായിരുന്നു. മൂന്നുവര്‍ഷം അവധിയും ശമ്പളവും കേന്ദ്രസര്‍ക്കാര്‍ നല്‍കി. അതുകഴിഞ്ഞ് തിരിച്ചെത്തിയിട്ടും പിഎച്ച്.ഡി. നേടിയതിന്റെ തെളിവ് കോളേജ് അധികൃതര്‍ക്ക് അധ്യാപകന്‍ നല്‍കിയില്ല. ശമ്പളയിനത്തില്‍ നല്‍കിയ 14 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ കോളേജ് അധികൃതര്‍നടപടിയെടുത്തപ്പോള്‍ അധ്യാപകന്‍ കോടതികയറി. പഞ്ചാബില്‍ കേന്ദ്രസര്‍ക്കാറിന്റെ ലോംഗോവാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനായ എസ്.സി. വര്‍മയുടെ അവകാശവാദങ്ങള്‍ സുപ്രീംകോടതി പരിശോധിച്ചു. പഞ്ചാബ് ഹൈക്കോടതി അദ്ദേഹത്തിന് നല്‍കിയിരുന്ന അനുകൂലവിധിയില്‍ സുപ്രീംകോടതി ഭേദഗതിവരുത്തുകയും ചെയ്തു. മൂന്നുവര്‍ഷത്തെ അവധിക്കാലത്ത് ശമ്പളയിനത്തില്‍ അധ്യാപകന്‍ കൈപ്പറ്റിയ 14 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ കോളേജ് അധികൃതര്‍ നടപടി എടുത്തിരുന്നു. അത് ഭാഗികമായിട്ട് മാത്രമേ കോടതി അനുവദിച്ചുള്ളൂവെങ്കിലും അധ്യാപകരുടെ ചുമതലകളെക്കുറിച്ച് ചില സുപ്രധാന പരാമര്‍ശങ്ങള്‍ കോടതി നടത്തി. അധ്യാപകന് ഗവേഷണത്തിന് പോകാന്‍ അത്രയും ആനുകൂല്യങ്ങള്‍ കോളേജ് അധികൃതര്‍ നല്‍കിയത് പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കി പിഎച്ച്.ഡി. ബിരുദം നേടാന്‍ അധ്യാപകന് ഉത്തരവാദിത്വവും ചുമതലയും ഉണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.അധ്യാപകന്റെ പിഎച്ച്.ഡി.യുടെ ഗുണം കിട്ടുക വിദ്യാഭ്യാസ സ്ഥാപനത്തിനും വിദ്യാര്‍ഥികള്‍ക്കുമാണ്. അധ്യാപകന്റെ ജോലി വിദ്യാര്‍ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുകയാണ്. ഗവേഷണം പൂര്‍ത്തിയാക്കാന്‍ വീഴ്ചവരുത്തുന്നത് ഗൗരവപ്പെട്ട വീഴ്ചയാണ്. അത് വിദ്യാര്‍ഥികളോടും സ്ഥാപനത്തോടും കാണിക്കുന്ന നന്ദികേടായിട്ട് മാത്രമേ കാണാന്‍കഴിയൂ എന്നാണ് സുപ്രീംകോടതി അറിയിച്ചത്.

മൂന്നുവര്‍ഷം ശമ്പളം കൈപ്പറ്റി അവധിയും അനുവദിച്ച അധ്യാപകന് പിഎച്ച്.ഡി. പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍നിന്ന് നാം മനസ്സിലാക്കുന്ന പാഠം എന്താണ്? അവധിയും ശമ്പളവുമായി അധ്യാപകന്‍ പണിയൊന്നും എടുക്കാതെ സുഖിച്ചിരുന്നു എന്നുമാത്രമേ അനുമാനിക്കാന്‍ കഴിയൂ. പൊതുഖജനാവിലെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാനുള്ളതല്ല - കോടതി പറഞ്ഞു.

എട്ടുലക്ഷത്തോളം രൂപ ഇതിനകം കോളേജ് അധികൃതര്‍ അധ്യാപകനില്‍ നിന്നും തിരിച്ചുപിടിച്ചുകഴിഞ്ഞു. ഇതിനിടയില്‍ ശമ്പള ഇനത്തിലെ വര്‍ധനകൂടി കണക്കിലെടുത്ത് ആറുലക്ഷം കൂടി തിരിച്ചുപിടിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.

പിഎച്ച്.ഡി.ക്ക് പഠിക്കാന്‍പോയ സമയത്ത് അധ്യാപകനും കോളേജ് അധികൃതരും തമ്മില്‍ ഒരു കരാര്‍ ഒപ്പുവെച്ചിരുന്നു. സുപ്രീംകോടതി അത് പരിശോധിച്ചുകൊണ്ട് കരാര്‍ വ്യക്തമായ ഒന്നല്ലെന്ന് ചൂണ്ടിക്കാട്ടി. നേരത്തേ പിടിച്ചെടുത്ത തുക അധ്യാപകന് തിരിച്ചുനല്‍കേണ്ടതില്ലെങ്കിലും ഇനി കിട്ടാനുള്ള ആറുലക്ഷം രൂപ തിരിച്ചുപിടിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കാരണം കരാറിലെ അവ്യക്തതയാണ്.

അധ്യാപകന്‍ പിഎച്ച്.ഡി. ബിരുദം നേടാതിരുന്നതുമൂലം പൊതുതാത്പര്യത്തിന് ഏതായാലും കോട്ടംതട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കാരണം മൂന്നുവര്‍ഷം അവധിയും ആനുകൂല്യങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

****

സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന വ്യക്തിയില്‍നിന്ന് നിയമനാധികാരി സത്യവാങ്മൂലം ചോദിക്കും. ക്രിമിനല്‍ കേസുകളില്‍ മുമ്പ് പ്രതിയായിട്ടുണ്ടോ? ഇങ്ങനെയുള്ള വിവരങ്ങള്‍ മറച്ചുവെക്കുന്നത് കുറ്റകരമാണെന്ന് മാത്രമല്ല അവ ധാര്‍മികച്യുതി കൂടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തെറ്റായ വിവരം നല്‍കിയതിന് ദേവേന്ദ്രകുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടതാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവെച്ചത്. അതിനെതിരെ കോണ്‍സ്റ്റബിള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഒരു വ്യക്തിയുടെ സ്വഭാവവും മുന്‍കാല ചെയ്തികളും എങ്ങനെയാണെന്ന് കണ്ടെത്താന്‍കൂടിയാണ് അവ ചോദിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. അവ മനഃപൂര്‍വം മറച്ചുവെക്കരുത്.

No comments:

Post a Comment