Thursday, March 10, 2011

സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക്‌

സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക്‌
Posted on: 09 Mar 2011
കെ. അരവിന്ദാക്ഷന്‍




ടുണീഷ്യ, ഈജിപ്ത്, യെമന്‍, ബഹ്‌റൈന്‍, ലിബിയ രാജ്യങ്ങളിലെ ജനമുന്നേറ്റങ്ങള്‍ പരിശോധിച്ചാല്‍ ചില സവിശേഷമായ വസ്തുതകള്‍ തെളിഞ്ഞുവരുന്നതായി കാണാന്‍ കഴിയും. അവയില്‍ പ്രസക്തമായവ ചൂണ്ടിക്കാണിക്കുകയാണിവിടെ.


1. പതിറ്റാണ്ടുകളായി സ്വേച്ഛാധിപത്യത്തില്‍ പീഡിപ്പിക്കപ്പെട്ടു കഴിയുന്ന ജനങ്ങളാണ് ജനാധിപത്യത്തിനായി മുന്നോട്ടുവന്നത്. വിദ്യാര്‍ഥികളും കര്‍ഷകരും കച്ചവടക്കാരും എന്‍ജിനീയര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന സാധാരണ മനുഷ്യരാണ് ഈ മുന്നേറ്റങ്ങളില്‍ പങ്കാളികളാകുന്നത്. പുരുഷന്മാരോടൊപ്പം സ്ത്രീകളും ഉണ്ടായിരുന്നു. ഈജിപ്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന വിപ്ലവത്തിന്റെ അവസാനത്തിലാണ് നേതാക്കളെന്ന് അറിയപ്പെടുന്നവര്‍ രംഗത്തുവന്നത്. അതുവരെയും ജനങ്ങള്‍ തന്നെയായിരുന്നു നേതാക്കള്‍.


2. മുസ്‌ലിങ്ങള്‍ അക്രമകാരികളാണെന്ന ഒരു പൊതുധാരണ അമേരിക്ക, ബ്രിട്ടന്‍ തുങ്ങിയ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യയില്‍ വരെ നിലവിലുണ്ട്. ഭീകരവാദികള്‍ ഏറെയും ഇസ്‌ലാം മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന വിശ്വാസം രൂപപ്പെടുത്തുന്നതില്‍ അമേരിക്കയ്ക്കും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ഇന്ത്യയിലെ അവസ്ഥയും മറിച്ചല്ല. അല്‍ഖ്വെയ്ദ തുടങ്ങിയ ഭീകരസംഘടനകളുടെ ലോകവ്യാപകമായ ശൃംഖലാപ്രവര്‍ത്തനങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യുന്നു. എന്നാല്‍, എല്ലാ മതസമുദായത്തിലും ഉള്ളതുപോലെ മുസ്‌ലിങ്ങളുടെ കൂട്ടത്തിലുള്ള വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമേ അക്രമത്തിന് പിന്തുണ നല്‍കുന്നുള്ളൂ. കാരണം, വിപ്ലവങ്ങള്‍ നടക്കുന്ന എല്ലാ രാജ്യങ്ങളിലും ജനസംഖ്യാപരമായി ഇസ്‌ലാം മതവിഭാഗത്തിനാണ് മേല്‍ക്കൈ. ഏതു രാജ്യത്തെയും സാധാരണക്കാരന് ശാന്തിയും സമാധാനവും തന്നെയാണാവശ്യം. ഈജിപ്തിലോ ടുണീഷ്യയിലോ ലിബിയയിലോ സാധാരണക്കാരുടെ മുന്‍കൈയില്‍ നടക്കുന്ന സമരങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. തീര്‍ത്തും അഹിംസാത്മക മാര്‍ഗങ്ങളിലൂടെയാണ് ഏതാണ്ട് മൂന്നാഴ്ചകളോളം ലക്ഷക്കണക്കിനു വരുന്ന ഈജിപ്ഷ്യന്‍ ജനത ജനകീയവിപ്ലവത്തില്‍ പങ്കെടുത്തത്. മൂന്നു പതിറ്റാണ്ടിന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ പ്രതിനിധിയായ പ്രസിഡന്റ് മുബാറക്കിനെ ദിവസങ്ങളുടെ അഹിംസാത്മക ജനശക്തികൊണ്ട് പുറത്തെറിയാന്‍ കഴിഞ്ഞു. ലോകചരിത്രത്തില്‍ തന്നെ ഒരു അഹിംസാത്മക സമരം ജനലക്ഷങ്ങളുടെ മുന്‍കൈയില്‍ അരങ്ങേറി വിജയിക്കുന്നത് അപൂര്‍വമാണ്. വിപ്ലവത്തിന്റെ ഒരുഘട്ടത്തിലും ഒരു മുസ്‌ലിം ഭീകരസംഘടനയ്ക്കും സമരത്തില്‍ നുഴഞ്ഞുകയറാനായിട്ടില്ലെന്ന് ജനകീയ സമരങ്ങളുടെ സമാധാനാന്തരീക്ഷം വ്യക്തമാക്കുന്നു.


3. സ്വേച്ഛാധിപത്യത്തിന്‍ കീഴില്‍ നരകയാതനയനുഭവിക്കുകയും ജനകീയ വിപ്ലവം നടക്കുകയോ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ പൊതുവായ അവസ്ഥ, ചെകുത്താനും കടലിനുമിടയിലാണ്. ഒരുഭാഗത്ത് മുബാറക്ക്, ഗദ്ദാഫി തുടങ്ങിയ ഏകാധിപതികളും അവരെ താങ്ങിനിര്‍ത്തുന്ന അമേരിക്കന്‍ അധികാരശക്തിയും. മറുഭാഗത്ത് അല്‍ഖ്വെയ്ദ പോലുള്ള ഭീകരസംഘടനകള്‍. അറബ് രാജ്യങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട സ്വേച്ഛാധിപതികളെ നിലനിര്‍ത്തേണ്ടത് അമേരിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക ആവശ്യമാണ്. അല്‍ഖ്വെയ്ദ പോലുള്ള ഭീകരസംഘടനകള്‍ അഴിച്ചുവിടുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ഇതിന് അമേരിക്കയ്ക്ക് ഒരു മറയായിത്തീരുകയും ചെയ്യാറുണ്ട്. അമേരിക്കയും ഇത്തരം ഭീകരസംഘടനകളും വിപ്ലവത്തിനുശേഷം ഈ രാജ്യങ്ങളിലുണ്ടാകുന്ന അരാജകാന്തരീക്ഷം ചൂഷണം ചെയ്യുകതന്നെ ചെയ്യും. ജനകീയ വിപ്ലവത്തിന്റെ ശക്തികള്‍ക്ക് ഈ രണ്ട് ഭീകരതയെയും നേരിടാനാവുമോയെന്നതാണ് ഇവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഭാവിനിര്‍ണയിക്കുന്ന പ്രധാന ഘടകം. ശ്രദ്ധേയമായ ഒരു വസ്തുത ഈ രണ്ടുകൂട്ടര്‍ക്കും ജനകീയ മുന്നേറ്റങ്ങളില്‍ യാതൊരു പങ്കും ജനങ്ങള്‍ അനുവദിച്ചിട്ടില്ലെന്നതു മാത്രമാണ്.


4. പതിനായിരക്കണക്കിനുള്ള ജനങ്ങളുടെ വിപ്ലവമുന്നേറ്റങ്ങള്‍ ആഴ്ചകളോളം കാര്യമായ യാതൊരുവിധ അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ഇടംനല്‍കാതെ അഹിംസാത്മകമായി നിലനില്‍ക്കുന്നത് എങ്ങനെയാണ്? ജനങ്ങള്‍ അക്രമാസക്തമായിരുന്നെങ്കില്‍ അധികാരികള്‍ക്ക് അവ കൂടുതല്‍ ശക്തമായ മര്‍ദനോപകരണങ്ങള്‍കൊണ്ട് അടിച്ചമര്‍ത്താന്‍ എളുപ്പമായിരുന്നേനെ. ചെറിയൊരു ആള്‍ക്കൂട്ടംപോലും വൈകാരികമായ ഒരു തള്ളലില്‍ അക്രമാസക്തമാകുന്നത് നാം നിത്യവും കാണുന്നതാണ്. നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത് അഖിലേന്ത്യാതലത്തിലുള്ള സത്യാഗ്രഹസമരങ്ങള്‍ എല്ലാംതന്നെ അഹിംസയില്‍നിന്ന് തുടങ്ങി കടുത്ത അക്രമത്തിലാണ് അവസാനിച്ചിരുന്നത്. ഗാന്ധിയന്‍ സത്യാഗ്രഹസമരങ്ങള്‍ പൂര്‍ണമായ വിജയം നേടിയിട്ടുള്ളത് ഏതെങ്കിലും ഒരു പ്രദേശത്ത്, പരിശീലനം ലഭിച്ച സത്യാഗ്രഹികള്‍ നടത്തിയ സമരങ്ങളാണ്.
ഏതെങ്കിലും തരത്തിലുള്ള ഗാന്ധിയന്‍ സ്വാധീനങ്ങള്‍ ഈജിപ്തിലെയോ മറ്റുള്ള രാജ്യങ്ങളിലെയോ ജനകീയ സമരങ്ങള്‍ക്ക് ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുകയുണ്ടായി. ബര്‍മയിലും ബോസ്‌നിയയിലും എസ്‌തോണിയയിലും സിംബാബ്‌വെയിലും ഇപ്പോള്‍ ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും നടക്കുന്ന ജനകീയ സമരങ്ങളെ, ജീന്‍ ഷാര്‍പ്പ് എന്ന അഹിംസാവാദിയുടെ നൂറു പേജുള്ള ചെറുപുസ്തകം 'ഫ്രം ഡിക്‌റ്റേറ്റര്‍ഷിപ്പ് ടു ഡെമോക്രസി' സ്വാധീനിച്ചിരുന്നുവെന്ന് അറിയാനായി.
ജീന്‍ ഷാര്‍പ്പിനെ ഞാന്‍ ആദ്യം വായിക്കുന്നത് 1990-ല്‍ മധുരൈ കാമരാജ് സര്‍വകലാശാലയില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ 'ഗാന്ധി ആസ് എ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ്' ഞാന്‍ എന്റെ ഗവേഷണപ്രബന്ധത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് ഇപ്പോഴാണ് ഞാന്‍ അദ്ദേഹത്തെപ്പറ്റി കേള്‍ക്കുന്നത്. ഗാന്ധിജിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് അദ്ദേഹം 'സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക്' തയ്യാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തില്‍ അഹിംസാത്മക സമരത്തിന്റെ 198 മാര്‍ഗങ്ങള്‍ വിശദമാക്കുന്നുണ്ട്, ജീന്‍ ഷാര്‍പ്പ്. ഇത് ഇന്ന് ലോകത്തിലെ 24 ഭാഷകളില്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഈജിപ്തില്‍ ഈ പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങള്‍ അറബിയിലേക്ക് വിര്‍ത്തനം ചെയ്ത് നെറ്റില്‍ ഇട്ടിരുന്നു ആര്‍ക്കും ലഭ്യമാവുന്നവിധത്തില്‍. ഈജിപ്തിലും മറ്റു രാജ്യങ്ങളിലും ഈ പുസ്തകം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.


പത്ത് അധ്യായങ്ങളായി എഴുതപ്പെട്ടിട്ടുള്ള 'സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക്', വളരെ വ്യക്തമായി അധികാരത്തിന്റെ വ്യത്യസ്ത രൂപങ്ങളെ വിശദമാക്കുന്നുണ്ട്. ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന് എന്തുകൊണ്ട് അഹിംസാത്മക രീതി അനിവാര്യമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്യുന്നുണ്ട്. അഹിംസാസമരങ്ങള്‍ അക്രമസമരങ്ങളേക്കാള്‍ സങ്കീര്‍ണമാണ്. മാനസികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സമരരീതികളാണ് ജനങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നത്. സ്വേച്ഛാധിപതികള്‍ക്ക് സ്വേച്ഛാധിപതികളാകാന്‍ കഴിയുന്നത് ജനങ്ങള്‍ സ്വേച്ഛാധിപതികള്‍ക്ക് കീഴടങ്ങിക്കൊടുക്കുന്നതുകൊണ്ടു മാത്രമാണ്. ജനങ്ങളുടെ സമ്മതമില്ലാതെ, ഒരു സ്വേച്ഛാധിപതിക്കും ജനങ്ങളെ കീഴ്‌പ്പെടുത്തി ഭരിക്കാനാവില്ല. തങ്ങളുടെ ഉള്ളിലുള്ള ശക്തി ജനങ്ങള്‍ തിരിച്ചറിയുന്ന നിമിഷത്തില്‍ സ്വേച്ഛാധിപതി നിലംപൊത്തും.


5. പീഡകന്റെയും മര്‍ദകന്റെയും ചൂഷകന്റെയും വേഷത്തിലുള്ള ഇന്ത്യന്‍ സ്റ്റെയ്റ്റിനും ഹിംസയുടെ കേന്ദ്രീകൃത ഘടനയില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ക്കും ഇടയില്‍ നില്‍ക്കേണ്ടിവരുന്ന ഒറീസ്സയിലെയും ആന്ധ്രപ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഛത്തീസ്ഗഢിലെയും ആദിവാസികള്‍ക്ക് ഒരുപക്ഷേ, ഒരു ദീര്‍ഘകാല പോരാട്ടത്തിനുള്ള സാധ്യത അഹിംസാസമരമാണെന്നു തോന്നുന്നു.

No comments:

Post a Comment