Saturday, March 5, 2011

ലിബിയ സംഘര്‍ഷഭരിതം

ലിബിയ സംഘര്‍ഷഭരിതം
Posted on: 05 Mar 2011


ട്രിപ്പോളി: ലിബിയയുടെ നിയന്ത്രണത്തിനായി ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ ഭരണകൂടവും ജനാധിപത്യപ്പോരാളികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷം പൂര്‍ണതോതിലുള്ള ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു. വിമതനിയന്ത്രണത്തിലുള്ള കിഴക്കന്‍ മേഖലയില്‍ ഗദ്ദാഫിയുടെ സൈന്യം വെള്ളിയാഴ്ചയും വ്യോമാക്രമണം തുടര്‍ന്നു. തലസ്ഥാനമായ ട്രിപ്പോളിയില്‍ പള്ളികളിലെ വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം പ്രകടനങ്ങള്‍ നടത്തിയ വിമതര്‍ക്കുനേരെ സുരക്ഷാസേന കണ്ണീര്‍വാതകപ്രയോഗം നടത്തി.

നഗരത്തില്‍ ചിലേടങ്ങളില്‍ വിമതരും ഗദ്ദാഫി അനുകൂലികളുംതമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ട്രിപ്പോളിക്കടുത്തുള്ള സാവിയ പട്ടണത്തിന്റെ നിയന്ത്രണം വിമതരില്‍നിന്നും സൈന്യം തിരിച്ചുപിടിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ പട്ടണമായ റസ്‌ലനുഫില്‍ വിമതരും ഗദ്ദാഫി അനുകൂലികളുംതമ്മില്‍ നടന്ന രൂക്ഷസംഘര്‍ഷങ്ങളില്‍ ഒട്ടേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഗദ്ദാഫിയും മക്കളും അടുത്ത അനുചരരുമടക്കം 16 പേര്‍ക്കെതിരെ അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘടനയായ 'ഇന്റര്‍പോള്‍' ജാഗ്രതാ നോട്ടീസ് പുറപ്പെടുവിച്ചു.

കിഴക്കന്‍പട്ടണമായ അജാബിയയിലാണ് സൈന്യം വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിനും രാവിലെ എട്ടിനുമാണ് ആക്രമണങ്ങളുണ്ടായത്. എട്ടു മണിക്കുണ്ടായ ആക്രമണത്തില്‍ പട്ടണത്തിലെ ഉപേക്ഷിക്കപ്പെട്ട സൈനിക ബാരക്കിനു സമീപമാണ് ബോംബുകള്‍ പതിച്ചത്. ബാരക്കില്‍ ധാരാളം പടക്കോപ്പുകളുണ്ടായിരുന്നു. ബോംബാക്രമണങ്ങളൊന്നും ലക്ഷ്യത്തില്‍ പതിക്കുകയോ ആളപായമുണ്ടാക്കുകയോ ചെയ്യാത്തത് കൗതുകമുണര്‍ത്തിയിട്ടുണ്ട്.

ജനാധിപത്യപ്പോരാട്ടത്തോട് കൂറുപുലര്‍ത്തുന്ന സൈനിക പൈലറ്റുമാര്‍ മനഃപൂര്‍വം ബോംബുകള്‍ ലക്ഷ്യം തെറ്റിച്ചിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തില്‍നിന്നു കൂറുമാറിയ വലിയൊരു വിഭാഗമാണിപ്പോള്‍ വിമതചേരിക്ക് പേശീബലം നല്‍കുന്നത്. വിമതര്‍ക്ക് ആയുധപരിശീലനം നല്‍കുന്നതും മറ്റും ഇക്കൂട്ടരാണ്. അതേസമയം, ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് എല്ലാ മാര്‍ഗങ്ങളും പരിഗണനയിലുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വാഷിങ്ടണില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം ജനതയ്ക്കുനേരെ അക്രമമഴിച്ചുവിടുന്ന ഗദ്ദാഫി പോയേ തീരൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അജാബിയ പട്ടണത്തില്‍ ബുധനാഴ്ചയും സമീപത്തെ എണ്ണയുത്പാദന കേന്ദ്രമായ ബ്രെഗ പട്ടണത്തില്‍ വ്യാഴാഴ്ചയും ഗദ്ദാഫിയുടെ സേന വ്യോമാക്രമണം നടത്തിയിരുന്നു. ബ്രെഗയില്‍ സൈന്യം വിമതരുമായി ബുധനാഴ്ച കരയുദ്ധം നടത്തിയെങ്കിലും വിജയിക്കാനായില്ല. മര്‍മപ്രധാനമായ ബ്രെഗ പിടിച്ചെടുക്കുകതന്നെ ചെയ്യുമെന്ന് മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം വെള്ളിയാഴ്ച ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ല്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

1 comment: