Tuesday, June 29, 2010

ഹര്‍ത്താലുണ്ടോ സാറെ? ഒന്ന് വീട്ടിലിരിക്കാന്‍.........

രണ്ടുപേര്‍ കണ്ടുമുട്ടിയാല്‍ ചോദ്യമാണ്. നാലുപേര്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ചയാണ്. പത്രമോഫീസുകളില്‍ വിളിയോട് വിളി. പാര്‍ട്ടി ഓഫീസ് സെക്രട്ടറിമാര്‍ ഫോണില്‍ മറുപടി പറഞ്ഞു മടത്തു. എല്ലാവര്‍ക്കും അറിയേണ്ടത് ഒറ്റക്കാര്യം; ഹര്‍ത്താലുണ്ടോ?

പെട്രോള്‍ വിലവര്‍ധനവിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ഒരു ഹര്‍ത്താലിനെക്കുറിച്ച് അറിയിപ്പ് വന്നത്. അതുകൊണ്ടുതന്നെ ശനിയാഴ്ച ഹര്‍ത്താല്‍ 'ആഘോഷമാക്കാന്‍ ' എല്ലാവര്‍ക്കും കഴിഞ്ഞില്ല. ഞായറാഴ്ച പൊതുഅവധി. അതങ്ങനെ പോട്ടെ......തിങ്കളാഴ്ച കൂടി ഒരു ഹര്‍ത്താല്‍ ഒത്തുകിട്ടിയാല്‍ ഗംഭീരമായി. നാട്ടുകാര്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ല. ഈ ചിന്ത വന്നാല്‍ പിന്നെ വിവരാന്വേഷണമാണ്. കഴിഞ്ഞ രണ്ടുദിവസമായി തലസ്ഥാനത്തെ പത്രമോഫീസുകളിലെ ഫോണുകള്‍ക്ക് വിശ്രമമില്ല. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും 'ഹര്‍ത്താല്‍ സ്‌നേഹാന്വേഷണങ്ങള്‍ക്ക് ' മറുപടി പറഞ്ഞ് മടുത്താണ് മാധ്യമപ്രവര്‍ത്തകരില്‍ പലരും ഓഫീസുകളിലെത്തിയത്. അവിടെയാണ് യഥാര്‍ത്ഥ പുകില്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ക്ക് അറിയേണ്ടത് ഒറ്റക്കാര്യം മാത്രം-തിങ്കളാഴ്ച ഹര്‍ത്താലുണ്ടോ? ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ ചോദ്യംചെയ്യലായി. '' ഒറപ്പാണോ സാറെ ? ആരും അനൗണ്‍സ് ചെയ്തിട്ടില്ലേ?'' വീണ്ടും ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ ചോദ്യങ്ങള്‍ പ്രവഹിക്കുകയായി. ''കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് അല്ലേ ഹര്‍ത്താല്‍ നടത്തിയത്. അപ്പോള്‍ ബി.ജെ.പി ഒന്നും ഡിക്ലേര്‍ ചെയ്തില്ലേ ? '' ...വീണ്ടും അതേ ഉത്തരം. വീണ്ടും ചോദ്യം '' ...ഇന്നലെ പാല്‍ക്കുളങ്ങരയില്‍ ഒരാളെ വെട്ടിയ കേസില്‍ ഹര്‍ത്താലുണ്ടോ?.....അതിനും ഇല്ലെന്ന് മറുപടി പറഞ്ഞാല്‍ ചെവിക്കടി തന്നപോലെ ഫോണ്‍ വച്ച് ടിയാന്‍ പരിധിക്ക് പുറത്താകും. പെട്രോള്‍ കേസിലും വെട്ടുകേസിലും ഹര്‍ത്താല്‍ ഇല്ലെങ്കില്‍ ചൊവ്വാഴ്ച വ്യാപാരി വ്യവസായികള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ടോയെന്ന് ആകാംക്ഷാഭരിതരായി ചോദിച്ചവരും നൂറുകണക്കിനാണ്. ഇല്ലെന്ന് പറയുമ്പോള്‍ ജൂലായ് ഒന്നിന് ആരെങ്കിലും ഹര്‍ത്താല്‍ പറഞ്ഞുവെച്ചിട്ടുണ്ടോയെന്നായി ചോദ്യം. മഅദനിയെ അറസ്റ്റു ചെയ്താല്‍ ഹര്‍ത്താലുണ്ടാകുമോ എന്നു ചോദിക്കുന്നവരും തര്‍ക്കിക്കുന്നവരും അനവധി. നിയമസഭ കൂടുന്നതിന് മുന്നോടിയായി.....റോഡിലെ കുഴി മൂടാത്തതില്‍ പ്രതിഷേധിച്ച്.....തട്ട വിവാദത്തില്‍ പ്രതിഷേധിച്ച്....സിനിമാക്കാരനെ തല്ലിയതില്‍ മനംനൊന്ത്.....ഹര്‍ത്താലിനുവേണ്ടി ജനത്തിന്റെ പ്രതീക്ഷകള്‍ പുതിയ വിഷയങ്ങളിലേക്ക് വ്യാപരിക്കുകയാണ്. പ്രതീക്ഷിക്കുന്ന മറുപടി കിട്ടാതെ വരുമ്പോള്‍ ഹര്‍ത്താല്‍ വിവര ശൂന്യനായ പത്രക്കാരനോട് അരിശംമൂത്ത് ഫോണ്‍ വയ്ക്കുന്നവരും നിരവധി. 

തിങ്കളാഴ്ച അതിരാവിലെ തന്നെ ഹര്‍ത്താല്‍ റൂമര്‍ പരന്നു. തലസ്ഥാനത്ത് ഒരാളെ വെട്ടിയതിന് പകരം കണ്ണൂരില്‍ മറുവെട്ടുണ്ടായെന്നും ബി.ജെ.പി സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കഥ പ്രചരിച്ചു. പിന്നെ അത് 'കണ്‍ഫേം' ചെയ്യാന്‍ ഫോണ്‍ വിളിയും ചര്‍ച്ചയും.

നാട്ടുകാരുടെ 'ഹര്‍ത്താല്‍ അന്വേഷണം' കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായെന്ന് ബി.ജെ.പി. തിരുവനന്തപുരം ജില്ലാ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ മറുപടി കിട്ടി.

തിങ്കളാഴ്ച പകല്‍ വിളിച്ചു തളര്‍ന്ന പലരും വൈകീട്ടോടെ വീണ്ടും അന്വേഷണമാരംഭിച്ചു. ഇല്ലെന്ന് മറുപടി പറയുന്നവരോട് നീരസമായി. പറഞ്ഞത് മാറിയോയെന്നറിയാന്‍ സ്വരം മാറ്റി വിളിച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാത്ത രാഷ്ട്രീയക്കാരെ മുഴുവനും ശപിച്ച്, ഹര്‍ത്താല്‍ പ്രിയര്‍ ഹൃദയം നൊന്തിരിക്കുകയാണ്, അടുത്ത ഹര്‍ത്താല്‍ ആഹ്വാനം ആസ്വദിക്കാന്‍.

No comments:

Post a Comment