'ആ കുട്ടികളില്‍ ആരും മരിച്ചില്ല... അവര്‍ വളര്‍ന്നു'
ഒരു പെണ്‍കുട്ടി മരിച്ച അമ്മയുടെ മുല കുടിക്കുന്ന കാഴ്ചയാണ് അബേബെക്ക് ഗൊബേനയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. 1980 ആയിരുന്നു വര്‍ഷം. എത്യോപ്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച നേരിടുന്ന കാലമായിരുന്നു അത്. കടുത്ത കത്തോലിക്ക വിശ്വാസിയായിരുന്ന ഗൊബേന രാജ്യത്തിന്റെ വടക്കുകിഴക്കുള്ള ഒരു പുണ്യസ്ഥലത്തേയ്ക്കുള്ള തീര്‍ത്ഥാടനത്തില്‍. പട്ടിണി മൂലം ഒരു കടലോളം ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അവര്‍ ആ കാഴ്ച കണ്ടത്. 'ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചുവരുന്ന വഴി മുഴുവന്‍ ഇങ്ങിനെ പട്ടിണി മൂലം മരിച്ചുകൊണ്ടിരിക്കുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല'-ഗൊബേന പറഞ്ഞു. 'എന്റെ കയ്യില്‍ കുറച്ച് റൊട്ടിയുണ്ടായിരുന്നു. ഇത് ഞാന്‍ രണ്ട് പുരുഷന്‍മാര്‍ക്ക് കൊടുത്തു. പിന്നീട് ഈ സ്ത്രീയ്ക്കടുത്തെത്തിയപ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി അപ്പോഴും മുല കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു'... അവിടെയുള്ള മൃതദേഹങ്ങള്‍ നീക്കം ചെയ്തിരുന്നയാള്‍ ആ കുട്ടി മരിയ്ക്കാന്‍ കാത്തിരിക്കുകയായിരുന്നു. ജീവിച്ചിരിക്കുന്ന കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണതെന്നായിരുന്നു അയാളുടെ വിശദീകരണം-ഗൊബേന പറഞ്ഞു. രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ ഗൊബേന ആ കുട്ടിയേയുമെടുത്ത് രാജ്യത്തിന്റെ തലസ്ഥാനമായ അഡിസ് അബാബയിലേയ്ക്ക് യാത്രയായി. ആ തീരുമാനം ആ പെണ്‍കുട്ടിയുടേയും അവരുടെയും ജീവിതത്തിലെ വഴിത്തിരിവായി.
വഴിയരികിലും തെരുവുകളിലും മരിച്ചുകിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ മനസ്സില്‍ മാച്ചുകളയാന്‍ കഴിയാതിരുന്ന ഗൊബേന വീണ്ടും രാജ്യത്തിന്റെ തീരദേശങ്ങളില്‍ യാത്ര ചെയ്യുകയും ആ പ്രദേശങ്ങളിലുള്ളവര്‍ക്ക് വെള്ളമെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത്തരമൊരു യാത്രയ്‌ക്കെടുവില്‍ വീട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ മറ്റൊരു കുട്ടി ഗൊബേനയ്‌ക്കൊപ്പമുണ്ടായിരുന്നു. 'അന്നൊരിക്കല്‍ വൈകീട്ട് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഞങ്ങള്‍ അഞ്ച് പേരെ കടന്നു വരാനിടയായി. അതില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. മരിച്ചുകൊണ്ടിരുന്ന മറ്റ് രണ്ട് പേരില്‍ ഒരാള്‍ തന്റെ അടുത്തുള്ള കുട്ടിയെ ചൂണ്ടിക്കാട്ടി ഇതെന്റെ മകനാണെന്നും അവനെ രക്ഷിക്കണമെന്നും യാചിച്ചു'.
അതൊരു വല്ലാത്ത വരള്‍ച്ചായയിരുന്നു. അധികാരികളാരും ചിത്രത്തിലേ ഉണ്ടായിരുന്നില്ല. സര്‍ക്കാരാകട്ടെ, വരള്‍ച്ചയെക്കുറിച്ച് പുറം ലോകം അറിയാതിരിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ എന്റെയാണെന്ന് അഭിനയിക്കേണ്ടിവന്നു. അല്ലെങ്കില്‍ ജീവന് തന്നെ ഭീഷണി ആയേനേ'...
ആ വര്‍ഷം അവസാനിക്കുമ്പോള്‍ ഗൊബേനയുടൊപ്പം ഉണ്ടായിരുന്നത് 21 കുട്ടികളായിരുന്നു! എന്നാല്‍ ആ കുട്ടികളോട് കാണിച്ച അനുകമ്പ അവരുടെ കുടുംബജീവിതം തകര്‍ത്തു. 'എന്റെ കുടുംബവും, ഭര്‍ത്താവും ഈ കുട്ടികള്‍ വേണോ അതോ സ്വന്തം ജീവിതം വേണോ എന്ന് തീരുമാനിക്കാന്‍ ഭീഷണിപ്പെടുത്തി. എന്റെ ബന്ധുക്കള്‍, എന്റെ അമ്മ പോലും എനിക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞു. എന്നെ മാനസിക ആസ്പത്രിയില്‍ ചികിത്സിക്കണമെന്ന് അമ്മ പറഞ്ഞു-ഗൊബേന നെടുവീര്‍പ്പീട്ടു. എന്റെ വീട്ടിലെ സ്ഥാനം തെറിച്ചു. കോഴി വളര്‍ത്തുന്നതിനായി വാങ്ങിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാന്‍ കുട്ടികളേയും കൂട്ടി വനപ്രദേശത്തുള്ള ഈ സ്ഥലത്തേയക്ക് മാറി.
30 വര്‍ഷത്തിനിപ്പുറം ഗൊബേന അറിയപ്പെടുന്നത് 'ആഫ്രിക്കയുടെ മദര്‍ തെരേസ' എന്ന പേരിലാണ്. അവരാണ് എത്യോപ്യയിലെ ഏറ്റവും പഴക്കമുള്ള അനാഥലയത്തിന്റെ സ്ഥാപക. രാജ്യത്തെ ആര്‍ക്കും വേണ്ടാത്ത നിരവധി കുട്ടികളുടെ ഒരു തലമുറയെ, വരള്‍ച്ചയുടെയും യുദ്ധത്തിന്റെയും എയ്ഡ്‌സിന്റെയും ബാക്കിപത്രമായ അവരെ വളര്‍ത്തിയ ഒരു മഹത്തായ പാരമ്പര്യം. കുട്ടിക്കാലം തൊട്ട് കടുത്ത പ്രതിസന്ധികള്‍ അതിജീവിച്ച് വിദ്യാഭ്യാസം നേടി, ജോലി നേടി, സുരക്ഷിതമായ ഒരു കുടുംബജീവിതത്തിലെത്തിയ ഗൊബേനയുടെ കുടുംബത്തെ പിരിയാനുള്ള തീരുമാനം വേദനാജനകമായിരുന്നു.
1938ല്‍ ജനിച്ച ഗൊബേനയുടെ അച്ഛന്‍ എത്യോ-ഇറ്റാലിയന്‍ യുദ്ധത്തില്‍ മരിക്കുമ്പോള്‍ അവരുടെ പ്രായം ഒരു മാസം മാത്രമായിരുന്നു. പിന്നീട് അവരെ വളര്‍ത്തിയ അച്ഛന്റെ വീട്ടുകാര്‍ ഗൊബേനയെ പതിനൊന്നാം വയസ്സില്‍ അവളുടെ അനുമതിയില്ലാതെ വിവാഹം കഴിച്ചയപ്പിച്ചു. വിവാഹത്തില്‍ പ്രതിഷേധിച്ച ഗൊബേന ഒളിച്ചോടി അഡിസ് അബാബയിലെത്തി പ്രാഥമിക വിദ്യാഭ്യാസം നേടുകയും ജോലി സമ്പാദിച്ച് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു.
ഞാന്‍ ജനിച്ച രാജ്യത്തിലെ യാഥാസ്ഥിതിക ജീവിതരീതികളാണ് എന്റെ പ്രതിസന്ധികള്‍ക്ക് കാരണം. ഈ കുട്ടികളെ വിവാഹം കഴിച്ചയപ്പിക്കലല്ല, മറിച്ച് അവരെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് എന്റെ ലക്ഷ്യം-ഗൊബേന പറയുന്നു. തന്റെ കൈവശമുണ്ടായിരുന്ന എല്ലാം വിറ്റുപെറുക്കി ബുദ്ധിമുട്ടിയ 1980കളില്‍ നിന്ന് ഗൊബേന ഏറെ മുന്നോട്ടുവന്നുകഴിഞ്ഞു. ഇന്ന് അവരുടെ നേതൃത്വത്തിലുള്ള അനാഥാലയം 700 കുട്ടികളുടെ വീട് മാത്രമല്ല അവരുടെ സ്‌കൂള്‍ കൂടിയാണ്.
'എനിക്ക് പശ്ചാത്തപമില്ല. ഇവിടം വരെയെത്താന്‍ ദൈവം എന്നെ സഹായിച്ചു. എനിക്ക് ദൈവത്തില്‍ അടിയുറച്ച വിശ്വാസമാണുള്ളത്'... വഴിയരികില്‍ ചെറിയ വസ്തുക്കള്‍ വിറ്റിട്ടാണെങ്കിലും അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എനിക്ക് സന്തോഷമുണ്ട്. ഈ കുട്ടികളില്‍ ആരും മരിച്ചില്ല. അവര്‍ വളര്‍ന്നു... ആഫ്രിക്കയുടെ മദര്‍ തെരേസയുടെ കണ്ണുകളില്‍ അഭിമാനം.
No comments:
Post a Comment