27 വര്‍ഷം...!
95 രൂപ 3,32,80000 രൂപയായി
വളര്‍ന്ന വിസ്മയം!
ചില കണക്കുകള്‍ അങ്ങനെയാണ്. അത് നമ്മളെ അമ്പരപ്പിക്കും.
1981 ജൂലായ് 2. അന്നാണ് ഈ കണക്കിനുപിറകിലെ കഥ തുടങ്ങുന്നത്. ഒഴിഞ്ഞ കീശയും മനസ്സുനിറയെ ആശയങ്ങളുമായി സ്വപ്നങ്ങള്‍ക്കു നടുവിലായിരുന്നു അന്നയാള്‍. ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ തയ്യാറായി ആറുകൂട്ടുകാര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കിയതാവട്ടെ ഭാര്യ സ്വരുക്കൂട്ടിവെച്ച പതിനായിരം രൂപയും. അന്ന് ആ ഫ്ലറ്റില്‍ പിറന്നുവീണ കമ്പനിയാണ് ഇന്ന് ലോകമറിയുന്ന 'ഇന്‍ഫോസിസ്'. കര്‍ണ്ണാടകയിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന നാഗവാര രാമറാവു നാരായണമൂര്‍ത്തി എന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് അത് സാഫല്യത്തിന്റെ നിമിഷമായിരുന്നു.
കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരങ്ങളും മുറവിളികളും മുറയ്ക്ക് നടക്കുന്ന കാലം. രാഷ്ട്രീയക്കാരുടെ മുദ്രാവാക്യങ്ങളിലെ രൂക്ഷതയ്ക്ക് ദീര്‍ഘവീക്ഷണമുള്ള ആ ചെറുപ്പക്കാര്‍ ചെവിനല്‍കിയില്ല. വരാനിരിക്കുന്ന നാളുകള്‍ അവര്‍ മുന്‍കൂട്ടിക്കണ്ടു. രണ്ടുവര്‍ഷത്തിനുശേഷം സ്‌റ്റോക് മാര്‍ക്കറ്റിലെ സ്‌ക്രീനില്‍ ചരിത്രത്തിലാദ്യമായി ഇന്‍ഫോസിന്റെ പേര് ഡിജിറ്റുകളായി തെളിയുമ്പോള്‍ കേവലം പത്തുരൂപയായിരുന്നു കമ്പനിയുടെ ഓഹരി മുഖവില. 85 രൂപ പ്രീമിയം അടക്കം 95 രൂപ നിരക്കില്‍ അന്ന് നൂറ് ഓഹരി സ്വന്തമാക്കിയവര്‍ക്ക് ബോണസ് ഓഹരികളടക്കം ഇന്ന് ലഭിക്കുന്ന വിലയാണ് മൂന്നുകോടി മുപ്പത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപ!
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ് വെയര്‍ വില്പനയിലൂടെ 20,000ലധികം കോടിയുടെ വരുമാനം നേടി ഇന്‍ഫോസിസ് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മൂര്‍ത്തിയുടെ പ്രവര്‍ത്തിയിലും വാക്കുകളിലും നിറയുന്നത് പതിവുപോലെ ലാളിത്യവും വിനയവും മാത്രം.
നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ആത്മാര്‍ഥതയും സമര്‍പ്പണവും
ഒത്തുചേരുമ്പോള്‍ നടക്കാനാവാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച
സംരംഭം. അതിന്റെ അമരത്ത് ലാളിത്യത്തിന്റെ പ്രതിരൂപമായി ഒരാള്‍
ഇരുപത്തിയേഴു കൊല്ലം കൊണ്ട് ഇന്‍ഫോസിസിന്റെ വളര്‍ച്ച
എന്‍.ആര്‍.നാരായണമൂര്‍ത്തി എന്ന സ്ഥിരോത്സാഹിയുടെ
സ്വപ്നങ്ങള്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ ആ സ്വപ്നങ്ങളില്‍
മാറുന്ന ലോകവും പുതിയ ഇന്ത്യയും...
ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പോലൊരു സ്ഥാനം അധികം പ്രായമാകുംമുമ്പുതന്നെ ഒഴിഞ്ഞുകൊടുക്കാനുള്ള തീരുമാനം വലിയൊരു ത്യാഗമല്ലേ?
സ്ഥാനമാറ്റം എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. ചെറുപ്പക്കാര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ നേതാക്കന്‍മാര്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കാറില്ല. 52ാമത്തെ വയസ്സിലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് നന്ദന്‍. പിന്നെ ക്രിസ് വന്നു. അങ്ങനെ ചെയ്യണമെന്നുതന്നെയാണ് ഞാന്‍ പറയുന്നത്. ഇന്ത്യപോലൊരു രാജ്യത്ത് നമ്മള്‍ കഠിനാധ്വാനം ചെയ്യണം. അതിന് ഒരുപാട് ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം വരുന്നത് യുവാക്കളില്‍നിന്നാണ്.
1981 ജൂലായ് രണ്ടിന് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഇന്‍ഫോസിസ് 1992 ജൂണില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ സമര്‍ഥരെയെല്ലാം വിദേശ രാജ്യങ്ങള്‍ തട്ടിയെടുക്കുന്ന അവസ്ഥയില്‍ നിന്ന്, ഇന്ത്യന്‍ യുവത്വത്തിന്റെ കഴിവ് ഉപയോഗിച്ച് കമ്പനിയുടെ 98 ശതമാനം വരുമാനവും ഇന്ത്യയ്ക്ക് പുറത്തുനിന്ന് നേടുന്ന കമ്പനിയായി വളര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ആദരവ് അര്‍ഹിക്കുന്ന കമ്പനിയായി കഴിഞ്ഞവര്‍ഷം വാള്‍സ്ട്രീറ്റ് ജേണല്‍ തിരഞ്ഞെടുത്തത് ഇന്‍ഫോസിസിനെ ആയിരുന്നു. ഇന്ത്യന്‍ പതാക പറപ്പിക്കുന്ന ആഗോള കമ്പനിയാണ് ഇന്ന് ഇന്‍ഫോസിസ്. അമേരിക്കയില്‍ മാത്രം ഇന്‍ഫോസിസിന് 13 സെയില്‍സ് ഓഫീസുകളുണ്ട്. യൂറോപ്പിലും ജപ്പാനിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഹോങ്കോങ്ങിലുമെല്ലാം ഇന്‍ഫോസിസ് വരവ് അറിയിച്ചു.
''ഇന്‍ഫോസിസ് ലോകവ്യാപകമായി വളര്‍ന്നിരിക്കുന്നു. അധികം താമസിയാതെ ന്യൂസിലാന്‍ഡിലും തുടങ്ങുന്നുണ്ട്.'' പറയുമ്പോള്‍ നാരായണമൂര്‍ത്തിയുടെ ശബ്ദത്തില്‍ സംതൃപ്തിയുടെ നിറവ.്
കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒരു പ്രധാന തപാല്‍ കമ്പനി അവര്‍ ഉപയോഗിച്ചിരുന്ന ഐ.ടി. സിസ്റ്റം മാറ്റിസ്ഥാപിക്കാന്‍ ഇന്‍ഫോസിനെ സമീപിച്ചു. ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത പുതിയ സോഫ്റ്റ് വെയറുകള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ഞരമ്പുകളിലൂടെ പ്രവഹിച്ചുതുടങ്ങിയപ്പോള്‍ അതുവരെ പ്രതിദിനം രണ്ടുലക്ഷം ചെക്ക്‌പോയിന്റുകളില്‍ വിതരണത്തിനുണ്ടായിരുന്ന എട്ടുമണിക്കൂര്‍ കാലതാമസം വെറും 15 മിനിട്ടുകളായി ചുരുങ്ങി. തപാല്‍ കമ്പനിയുടെ നേട്ടം സമയനഷ്ടത്തില്‍നിന്നും പാഴ്‌ച്ചെലവുകളില്‍നിന്നുമുള്ള മോചനവും കൂടുതല്‍ വ്യാപാരവുമായിരുന്നു. ഏതു പ്രതിസന്ധിയില്‍നിന്നും കരകയറ്റാന്‍ സാധിക്കുന്ന സാങ്കേതികസഹായം ഇന്‍ഫോസിസിന് നല്കാന്‍ കഴിയുമെന്ന് ഇന്ന് ലോകത്തെ പടുകൂറ്റന്‍ കമ്പനികള്‍ കരുതുന്നതും ഇതുകൊണ്ടുതന്നെ.
കടബാധ്യതകളില്ലാത്ത കമ്പനിയെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. അതിനെക്കുറിച്ച് മൂര്‍ത്തി പറയുന്നതിങ്ങനെ: ''നന്ദന്‍ നിലകാനി, എന്‍.എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, കെ. ദിനേഷ്, അശോക് അറോറ എന്നിവരാണ് തുടക്കത്തില്‍ എനിക്കൊപ്പം നിന്നത്. സുധ തന്ന പതിനായിരം രൂപയിലാണ് ഞങ്ങളുടെ തുടക്കം. പിന്നെയും പണം ആവശ്യമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഞങ്ങളെ അടുപ്പിച്ചതേയില്ല. സാധാരണക്കാരന്റെ ബെഡ്‌റൂമില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാവം കമ്പനിക്ക് എന്തു കൊളാറ്ററല്‍ സെക്യൂരിറ്റിയാണ് ബാങ്കുകള്‍ക്ക് നല്കാന്‍ കഴിയുക? കഷ്ടപ്പാടിന്റെ ആ ദിനങ്ങളില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഭാവിയില്‍ ഞങ്ങള്‍ ആരില്‍നിന്നും സഹായം തേടില്ല എന്ന്. കഴിഞ്ഞ 27 വര്‍ഷങ്ങളായി ഒരു വായ്പയും ഞങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.''
പരിസ്ഥിതിയോട് ചേര്‍ന്നുനില്ക്കുന്നവയാണ് ഇന്‍ഫോസിന്റെ ക്യാമ്പസുകളോരോന്നും. മണ്ണും മരങ്ങളും ജലധാരകളും വള്ളിപ്പടര്‍പ്പുകളുടെ കുളിര്‍മയും ഒത്തുചേരുന്ന മനോഹരമായ അന്തരീക്ഷം. ആധുനിക മുഖച്ഛായയുമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പച്ചപ്പില്‍ ലയിച്ചുചേരുന്നു. ക്യാമ്പസിനകത്തെ സഞ്ചാരത്തിന് ബാറ്ററി ഉപയോഗിക്കുന്ന കാറുകളും സൈക്കിളുകളും മാത്രം. ഗെയിറ്റിനുപുറത്ത് യന്ത്രത്തോക്കുകളുമായി നില്‍ക്കുന്ന സി.ഐ.എസ്.എഫ്. ജവാന്‍മാരെയും സെക്യൂരിറ്റി ചെക്കിങ്ങും കടന്ന് ക്യാമ്പസിനുള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ എല്ലായിടത്തും പുഞ്ചിരിക്കുന്ന മുഖങ്ങളാണ്. ഇവിടെ അപരിചതത്വം അലിഞ്ഞില്ലാതാകുന്നു.
പ്രകൃതിമനോഹരങ്ങളായ ക്യാമ്പസുകള്‍. ഈ മാതൃക മനസ്സില്‍ കടന്നുവന്നതെങ്ങനെയാണ്?
1994ലാണ് ക്യാമ്പസ് എന്ന ആശയം വരുന്നത്. ആളുകള്‍ക്ക് വന്ന് തൊഴിലെടുക്കാന്‍ താല്‍പര്യമുണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നു. പൊടിയും പുകയും നിറഞ്ഞ മലിനമായ അന്തരീക്ഷത്തിലൂടെ
യാത്രചെയ്‌തെത്തുന്ന ഒരാള്‍ക്ക് 'ഹായ് ഇവിടെ എന്തൊരു പച്ചപ്പാണ്, എന്തൊരു കുളിര്‍മയാണ്. എനിക്കിവിടെയെല്ലാം നടക്കാം, എന്റെ വാതിലുകളും ജനാലകളും ധൈര്യത്തോടെ തുറന്നിടാം, സുഖമായി ജോലി ചെയ്യാം' എന്നു തോന്നിയാല്‍ അത് വലിയകാര്യമാണ്.
ഇന്‍ഫോസിസിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അത്ഭുതാവഹമാണ്. ലോകം അഗീകരിച്ച ഈ മാതൃക പ്ലാന്‍ ചെയ്തതെങ്ങനെയാണ്?
ഇന്‍ഫോസിസിന്റെ സ്വത്ത് ഇവിടെ ജോലിചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവരെ ബഹുമാനിക്കേണ്ടതും അവരോട് അന്തസ്സ് പുലര്‍ത്തേണ്ടതും ഞങ്ങളുടെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ജോലിചെയ്യുന്ന ഓരോരുത്തരും പരമാവധി കഴിവുകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഉപയോഗിക്കണം. അത്യുത്സാഹത്തോടെയും തെളിഞ്ഞ ബുദ്ധിയോടെയും വേണം അവര്‍ അടുത്തദിവസം രാവിലെ ഇവിടെയെത്താന്‍. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
തിരുവനന്തപുരത്ത് ലോകനിലവാരമുള്ള ക്യാമ്പസ് യാഥാര്‍ഥ്യമായല്ലോ? ഞങ്ങള്‍ കേരളീയര്‍ അംഗീകരിക്കപ്പെട്ടതുപോലെ തോന്നുന്നു
മലയാളികള്‍ കഠിനാധ്വാനികളാണ്. ചുറ്റുപാടുകളോട് പെട്ടെന്ന് ഇണങ്ങിച്ചേരുന്നവര്‍. ലോകത്തെവിടെപോയാലും അവരെ കാണാം. കേരളീയര്‍ പ്രൊഫഷണലുകാണെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇന്‍ഫോസിസില്‍ മലയാളികള്‍ ധാരാളമുണ്ട്. ഇപ്പോഴത്തെ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷിബുലാല്‍ തുടങ്ങി ഒരുപാടുപേര്‍. ക്രിസിനെപറ്റി പറയേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും ആ ടാലന്റ് അറിയാം. ഷിബുലാല്‍ വളരെ ബ്രില്യന്റ് ആണ്. ഇന്‍ഫോസിസിന്റെ തുടക്കംമുതല്‍ താങ്ങുംതണലുമായി ഇവര്‍ എന്റെകൂടെയുണ്ട്. പത്തുലക്ഷത്തിനുമേല്‍ വരിക്കാരുള്ള രണ്ടുപത്രങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നതില്‍ എനിക്ക് അദ്ഭുതം തോന്നുന്നു. മലയാളികളുടെ ഒരു പ്രത്യേകത ഇതാണ്. അവര്‍ ലോകത്തെ അറിയാനും അറിയിക്കാനും ശ്രമിക്കുന്നു.
****
തിരക്കുകള്‍ക്കിടയില്‍ കുടുംബബന്ധങ്ങള്‍ ഇഴപൊട്ടാതെ ചേര്‍ത്തുനിര്‍ത്തുന്നതിന് മൂര്‍ത്തി മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ഭാര്യ സുധാമൂര്‍ത്തിക്കാണ്. ഇന്‍ഫോസിസിന്റെ മൂലധനം കൊടുത്തത് മുതല്‍ ഓരോ വീഴ്ചയിലും വിജയത്തിലും അവര്‍ മൂര്‍ത്തിക്കൊപ്പം നിന്നു. കര്‍ണ്ണാടക സംസ്ഥാനത്ത് ഒന്നാംറാങ്കോടെ എഞ്ചിനീയറിങ് വിജയിച്ച സുധാമൂര്‍ത്തി പലപ്പോഴും മൂര്‍ത്തിയുടെ തിരക്കുകള്‍ക്കിടയില്‍ സാധാരണ വീട്ടമ്മയായി മാറി. ഇന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷനുവേണ്ടി രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. വൈകുന്നേരം നാരായണമൂര്‍ത്തിയുടെ ഫ്ലറ്റില്‍ ചെല്ലുമ്പോള്‍ നിറഞ്ഞ സ്വാഗതവുമായി വാതില്‍ക്കല്‍ത്തന്നെ സുധാമൂര്‍ത്തിയുണ്ട്. മൂര്‍ത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മനസ്സുതുറന്നു.
''മൂര്‍ത്തി ഒരുപാട് മാറി. ഒരിക്കല്‍ എന്നെ പ്രണയിച്ചിരുന്ന നാണം കുണുങ്ങിയായ മൂര്‍ത്തിയില്‍നിന്ന് ഏറെ വളര്‍ന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍കൂടുതല്‍ വിനയാന്വിതനായിരിക്കുന്നു.'' മുകളിലെ മുറിയിലിരുന്ന് ജോലിചെയ്യുന്ന മൂര്‍ത്തിയെ വിവരം അറിയിച്ചശേഷം സുധ തന്റെ തിരക്കുകളിലേക്ക് യാത്രപറഞ്ഞിറങ്ങി.
നല്ലൊരു കുടുംബനാഥനാണോ?
ആദ്യമെല്ലാം കുറെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കമ്പനി വളരാന്‍ തുടങ്ങിയതോടെ അധിക ശ്രദ്ധ നല്‍കാന്‍ പറ്റാതായി. എന്നാല്‍ എല്ലാവരും വളരെ സഹകരിച്ചു. എന്നെ എന്റെ ജോലിചെയ്യാന്‍ അനുവദിച്ചു. സുധയുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് എന്റെ ശരിയായ വിജയം. കുട്ടികളും പൂര്‍ണമായും കൂടെനിന്നു.
മക്കള്‍ രണ്ടും വ്യത്യസ്ത പാതയിലാണല്ലോ?
അതെ. അവര്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകന്‍ റോഹന്‍ അവസാനവര്‍ഷ ഗവേഷണ വിദ്യാര്‍ഥിയാണ്. മകള്‍ അക്ഷത വെഞ്ച്വര്‍ കാപിറ്റല്‍ രംഗത്തും.
ഇന്‍ഫോസിസ് ഫൗണ്ടേഷന്‍?
വളരെ നല്ലൊരു സംരംഭമാണത്. സുധയാണ് അതിന്റെ ചെയര്‍പേഴ്‌സണ്‍. 1997ല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് രൂപം നല്‍കി. ഇന്‍ഫോസിസിന്റെ ലാഭത്തില്‍നിന്നും ഒരു നിശ്ചിത തുക എല്ലാവര്‍ഷവും ഫൗണ്ടേഷന് നല്‍കും. അത് പാവപ്പെട്ടവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്.
****
ചെറുപ്പത്തിന്റെ ചൂടില്‍ കമ്യൂണിസം തലയ്ക്കുപിടിച്ച് രാഷ്ട്രീയക്കാരന്റെ കുപ്പായമിടാനായിരുന്നു നാരായണ മൂര്‍ത്തിയ്ക്ക് താല്‍പര്യം. എന്നാല്‍ അക്കാലത്തുണ്ടായ ഒരു സംഭവം മൂര്‍ത്തിയുടെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു.
1974ല്‍ പാരീസിലായിരുന്ന മൂര്‍ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന വഴി ബള്‍ഗേറിയയുടെയും യുഗോസ്ലാവ്യയുടെയും (ഇന്നത്തെ സൈബീരിയ) അതിര്‍ത്തിയിലെ ചരിത്രനഗരമായ നിസ്സില്‍ എത്തിപ്പെടുന്നു. നിസ്സില്‍നിന്നും ഇസ്താംബൂളിലേക്കുള്ള ട്രെയിന്‍ യാത്രയായിരുന്നു ലക്ഷ്യം. യാത്രക്കാരായി മൂര്‍ത്തിയെക്കൂടാതെ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മൂര്‍ത്തി പെണ്‍കുട്ടിയോട് ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു പോലീസുകാരന്‍ സ്ഥലത്തെത്തി. ബള്‍ഗേറിയയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെയാണ് അവരുടെ സംഭാഷണമെന്ന കുറ്റം ചുമത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മൂര്‍ത്തിയെ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ഒരു കുടുസ്സുമുറിയില്‍ തള്ളി. ഭക്ഷണവും വെള്ളവുമില്ലാതെ തണുപ്പിന്റെ കാഠിന്യത്തില്‍ ഇരുട്ടറയില്‍. 76 മണിക്കൂറുകള്‍ക്കുശേഷം വാതില്‍ തുറന്നു. പക്ഷേ വീണ്ടും പീഢനം. ഗാര്‍ഡിന്റെ റൂമിലാണെന്നുമാത്രം. ഇത്തവണ 21 മണിക്കൂര്‍ തടവ്. അങ്ങനെ 108 മണിക്കൂര്‍. മോചനമെത്തിയപ്പോഴേക്കും മൂര്‍ത്തിയുടെ മനസ്സിലെ കമ്യൂണിസ്റ്റ് സങ്കല്‍പ്പങ്ങള്‍ നിസ്സിലെ കൊടുംതണുപ്പിലും കത്തിച്ചാമ്പലായിരുന്നു.
കമ്യൂണിസ്റ്റില്‍നിന്നും ക്യാപിറ്റലിസ്റ്റിലേക്കുള്ള പരിവര്‍ത്തനം?
കമ്യൂണിസത്തിന് ഒരു പ്രശ്‌നവും അടിസ്ഥാനപരമായി പരിഹരിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തൊഴില്‍മേഖലകളും കൂടുതല്‍ തൊഴിലുകളും ഉണ്ടാക്കുക എന്നതുമാത്രമാണ് ദാരിദ്ര്യത്തെ നേരിടാനുള്ള പോംവഴി. വ്യവസായമേഖലകള്‍ പുതുതായി ഉണ്ടാവണം. മുതലാളിത്ത വ്യവസ്ഥിതിയില്‍ മാത്രമേ സംരംഭകരെ ലഭിക്കൂ. എന്റെ ജീവിതത്തില്‍നിന്നു ഞാന്‍ പഠിച്ച കാര്യമാണിത്. ക്യാപിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് എന്നതാണ് കുറച്ചുകൂടി ശരി.
വര്‍ഷങ്ങള്‍ക്കുമുമ്പ് വിശപ്പിലും ദാഹത്തിലും തണുപ്പിലും പെട്ട് മണിക്കൂറുകള്‍ വലഞ്ഞ ആ മൂര്‍ത്തിയില്‍നിന്നും ഇന്നത്തെ മൂര്‍ത്തിയിലേക്കുള്ള ദൂരം?
ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് ഇവിടെയെത്താന്‍. അന്ന് ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ഗാര്‍ഡ് ആത്മാര്‍ത്ഥമായി മാപ്പുചോദിച്ചു. അയാള്‍ പറഞ്ഞു. ''ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് രാജ്യമാണ്. നിങ്ങള്‍ ഒരിന്ത്യക്കാരനായതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സ്വതന്ത്രനാക്കുന്നത്.''
ഒരിന്ത്യക്കാരനായതില്‍ വളരെ അഭിമാനിച്ച നിമിഷമായിരുന്നു അത്. ഇന്ത്യയില്‍ നിന്നുകൊണ്ടുതന്നെ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഈ സംഭവം എനിക്കുപ്രേരണയായി. ബാക്കിയെല്ലാം കൂട്ടായ്മയുടെ വിജയം.