Monday, February 21, 2011

എന്റെ പ്രസംഗം

എന്റെ പ്രസംഗം ദീര്‍ഘമായ യാത്രയായിരിക്കും. വിദൂരവും ഭൂഗോളത്തിന് നേരേ മറുപുറത്തുള്ളതുമായ സ്ഥലങ്ങളിലൂടെ ഞാന്‍ നടത്തിയ യാത്ര. എങ്കിലും ആ പ്രദേശങ്ങള്‍ സ്‌കാന്‍ഡിനേവിയയിലെ ഭൂപ്രകൃതിയോടും ഏകാന്തതയോടും സദൃശത പുലര്‍ത്താതിരിക്കുന്നില്ല. എന്റെ രാജ്യം ദക്ഷിണദിശയുടെ അങ്ങേയറ്റംവരെ വ്യാപിച്ചുകിടക്കുന്നതിനെയാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. ഈ ഗോളത്തിന്റെ മഞ്ഞുമൂടിയ ഉത്തരധ്രുവപ്രദേശങ്ങ ളില്‍ തലമുട്ടിക്കിടക്കുന്ന സ്വീഡന്റെ ഭൂഘടന നോക്കുമ്പോള്‍, ഞങ്ങള്‍ ചിലിക്കാര്‍, അതിരുകള്‍ ദക്ഷിണധ്രുവം തൊടുവോളം വിദൂരസ്ഥരാണ്.



വിസ്മൃതമായിക്കഴിഞ്ഞ സംഭവങ്ങളില്‍ ഞാന്‍ അകപ്പെട്ട എന്റെ ജന്മനാടിന്റെ വിശാലതയില്‍ ഒരാള്‍ക്കു ചെയ്യേണ്ടിവരുന്നതുപോലെ, ഞാനും ആന്‍ഡിസ് മലനിര കടന്ന് അര്‍ജന്റീനയുമായി എന്റെ രാജ്യത്തിനുള്ള അതിര്‍ത്തി കാണാന്‍ നിര്‍ബന്ധിതനായി. കനത്ത കാട് ഈ ദുര്‍ഗമമായ പ്രദേശത്തെ തുരങ്കത്തിനു സമാനമാക്കുന്നു. അതിലൂടെയുളള ഞങ്ങളുടെ യാത്ര ഗൂഢവും വിലക്കപ്പെട്ടതുമായിരുന്നു. വഴികാട്ടാന്‍ അവ്യക്തമായ അടയാളങ്ങളേ ഉണ്ടായിരുന്നുള്ളൂ. പാതയുണ്ടായിരുന്നില്ല. വന്‍മരങ്ങളുടെ പ്രതിബന്ധവും കുറുകെ കടക്കാനാവാത്ത നദികളും ചെങ്കുത്തായ പാറക്കെട്ടുകളും സന്തോഷം കെടുത്തുന്ന വിശാല ഹിമപ്രദേശങ്ങളും ഒഴിഞ്ഞു മാറി ഞാനും എന്റെ നാലു കൂട്ടുകാരും കുതിരപ്പുറത്ത് വളഞ്ഞുപുളഞ്ഞ വഴിയില്‍ മുന്നേറി. എന്റെ സ്വാതന്ത്ര്യം എവിടെയെന്ന് അന്വേഷിച്ച് ഞാന്‍ കുരുടനെപ്പോലെ നീങ്ങി. എന്നോടൊപ്പമുണ്ടായിരുന്നവര്‍ക്ക് വനത്തിലെ ഇലകളുടെ നിബിഡതയില്‍ക്കൂടി മുന്നേറാന്‍ അറിയാമായിരുന്നു. എങ്കിലും കൂടുതല്‍ സുരക്ഷയ്ക്കുവേണ്ടി അവര്‍ അവിടെയുമിവിടെയും വന്‍മരങ്ങളുടെ തൊലിയില്‍ കൊടുവാള്‍കൊണ്ട് കീറി അടയാളമുണ്ടാക്കി. എന്നെ എന്റെ വിധിയോടൊപ്പം വിട്ട് തിരിച്ചുപോരുമ്പോള്‍ തങ്ങള്‍ക്കു പിന്തുടരാ നുള്ള വഴിയൊരുക്കുകയായിരുന്നു അവര്‍.

ഞങ്ങളോരോരുത്തരും അതിരറ്റ ഏകാന്തത ഉള്ളില്‍പ്പേറിക്കൊണ്ട് മുന്നേറി. മരങ്ങളുടെയും കൂറ്റന്‍ വള്ളികളുടെയും നൂറ്റാണ്ടുകളായി അടി ഞ്ഞുകൂടിയ മണ്ണിന്റെയും പച്ചയും വെളുപ്പും നിശ്ശബ്ദത, ഞങ്ങളുടെ ഗതി തടയാന്‍ അപ്പോള്‍ വന്നുവീണ പ്രതിബന്ധങ്ങളെപ്പോലെ പാതിവീണുകിടക്കുന്ന മരങ്ങള്‍, പ്രകൃതിയുടെ ഗൂഢവും കണ്ണഞ്ചിക്കുന്നതുമായ ലോക ത്തായിരുന്നു ഞങ്ങള്‍. അതേസമയം ആ ലോകം തണുപ്പ്, മഞ്ഞ്, പീഡനം എന്നിങ്ങനെ വര്‍ധിച്ചുവരുന്ന ആപത്തുമായിരുന്നു. എല്ലാം ഒന്നായി: ഏകാന്തത, അപകടം, നിശ്ശബ്ദത, എന്റെ ദൗത്യത്തിന്റെ അടിയന്തര പ്രാധാന്യം.

ചിലപ്പോള്‍ ഞങ്ങള്‍ തീരെ തെളിയാത്ത വഴിപ്പാടുകള്‍ പിന്തുടര്‍ന്നു. കൊള്ളക്കാരോ ഒളിച്ചോടുന്ന സാധാരണ കുറ്റവാളികളോ ഉണ്ടാക്കിയതായിരിക്കണം. അവരില്‍ പലരും അവിടെ ഒടുങ്ങിയോ എന്നറിയില്ല. ശൈത്യത്തിന്റെ മരവിച്ച കരങ്ങള്‍ അവരെ പിടികൂടിയിട്ടുണ്ടാവാം. അല്ലെങ്കില്‍ ആന്‍ഡിസില്‍ പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഞ്ഞുകാറ്റ്. അത് യാത്രക്കാരനെ ഏഴുനില ഉയരം വെണ്‍മയില്‍ അടക്കംചെയ്യും.

വഴിയുടെ ഇരുവശത്തും വന്യമായ വിജനതയില്‍ മനുഷ്യപ്രവര്‍ത്തനം വെളിവാക്കുന്ന എന്തെങ്കിലും എനിക്കു കാണാനായി. എത്രയോ ശിശിരങ്ങളെ അതിജീവിച്ച വൃക്ഷശിഖരക്കൂനകള്‍, അവിടേക്കു യാത്രചെയ്ത നൂറുകണക്കിനാളുകള്‍ ശേഷിപ്പിച്ചതാണത്, മരിച്ചുവീണവരുടെ ഓര്‍മയ്ക്കായി പരുക്കന്‍ മണ്‍കൂനകള്‍, മുന്നേറാനാവാതെ അവിടെ മഞ്ഞിനടിയില്‍ അടങ്ങിയവരെപ്പറ്റി യാത്രക്കാര്‍ ഓര്‍ക്കുന്നതിനാണത്. ഞങ്ങളുടെ തലയ്ക്കുമേല്‍ ഉയരുകയും ഞാന്നുകിടക്കുകയും ചെയ്ത വന്‍വൃക്ഷങ്ങളുടെയും ശിശിരത്തിലെ കൊടുങ്കാറ്റിനു മുമ്പ് അവസാന ഇലയും പൊഴിക്കുന്ന ഓക്കുമരങ്ങളുടെയും കൊമ്പുകള്‍ എന്റെ കൂട്ടുകാരും കൊടുവാള്‍കൊണ്ട് വെട്ടിവീഴ്ത്തി. എല്ലാ മണ്‍കൂനയിലും ഞാനും നേര്‍ച്ചവെച്ചു. മരത്തിന്റെ സന്ദര്‍ശക കാര്‍ഡ്, അറിയാത്ത യാത്രക്കാരുടെ കുഴിമാടത്തെ അലങ്കരിക്കാന്‍ കാട്ടില്‍നിന്നുള്ള ഒരു വൃക്ഷക്കൊമ്പ്.

ഞങ്ങള്‍ക്ക് ഒരു നദി കടക്കേണ്ടതുണ്ടായിരുന്നു. ആന്‍ഡിസിന്റെ ശിഖര ങ്ങളില്‍ ഭ്രാന്തമായ ശക്തിയോടെ താഴോട്ടുപതിക്കുന്ന ചെറിയ അരുവികള്‍ പ്രവഹിക്കുന്നു. അവ പതിക്കുമ്പോള്‍ അതിന്റെ ആഘാതത്താല്‍ ഭൂമിയും കല്ലുകളും ഇളക്കിമറിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുന്നു. എങ്കിലും ഇത്തവണ ഞങ്ങള്‍ ശാന്തമായ ജലമാണ് കണ്ടത്. കണ്ണാടിപോലുള്ള പരപ്പ്. അതു മുറിച്ചുകടക്കാം. കുതിരകള്‍ വെള്ളം തെറിപ്പിച്ച് നദിയിലി റങ്ങി. പിന്നെ നിലകിട്ടാതെ അക്കരയ്ക്ക് നീന്താന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞ പ്പോള്‍ എന്റെ കുതിര ആകെ വെള്ളത്തില്‍ മുങ്ങി. ഞാന്‍ നിലയില്ലാതെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി. എന്റെ കാല്‍ നിലതേടാന്‍ കഠിനസമരം ചെയ്തു. കുതിരയാവട്ടെ, അതിന്റെ തല വെള്ളത്തിനുമീതെ നിര്‍ത്താനും. പിന്നെ ഞങ്ങള്‍ അക്കരെയെത്തി. അക്കരെയെത്തിയപാടെ കൂടെയുള്ള തഴക്കംവന്ന നാട്ടിന്‍പുറത്തുകാര്‍ മറച്ചുവെയ്ക്കാത്ത ചിരിയോടെ ചോദിച്ചു:
'നിങ്ങള്‍ ഭയപ്പെട്ടോ?'
'ശരിക്കും, ഞാന്‍ കരുതി അന്ത്യമായെന്ന്,' ഞാന്‍ പറഞ്ഞു.
'ഞങ്ങള്‍ കയര്‍ക്കുരുക്കുമായി പിന്നിലുണ്ടായിരുന്നു.' അവര്‍ മറുപടി പറഞ്ഞു.
'അതേ സ്ഥലത്തു എന്റെ അച്ഛന്‍ വീണ് ഒഴുക്കില്‍ ഒഴുകിപ്പോയി. ആ ഗതി നിങ്ങള്‍ക്കു വന്നില്ല.' മറ്റൊരാള്‍ പറഞ്ഞു.
ഞങ്ങള്‍ യാത്ര തുടര്‍ന്ന് പ്രകൃതിനിര്‍മിതമായ ഒരു തുരങ്കത്തിനരികിലെത്തി. ഇല്ലാതായ ഏതോ നദി കൂറ്റന്‍ പാറക്കെട്ടുകളെ തുളച്ചുണ്ടാക്കിയതോ, അല്ലെങ്കില്‍ ഈ ഉന്നതി രൂപപ്പെട്ട സമയത്തെ ഭൂകമ്പത്താല്‍ ഉണ്ടായതോ ആവണം. ആ വഴിയില്‍ ഞങ്ങള്‍ പ്രവേശിച്ചിടം കരിമ്പാറയില്‍ കൊത്തിയെടുത്തതായിരുന്നു. ഏതാനും അടി വെച്ചപ്പോഴേക്കും നിരപ്പില്ലാത്ത കല്ലിനുമേല്‍ കാലുറപ്പിക്കാന്‍ ശ്രമിച്ച് കുതിരകള്‍ തട്ടിത്തടയാന്‍ തുടങ്ങി. അവയുടെ കാലുകള്‍ വളഞ്ഞു. ലാടത്തില്‍നിന്ന് തീപ്പൊരി പാറി. കുതിരപ്പുറത്തുനിന്ന് വീണ് പാറയുടെമേല്‍ കിടക്കുമെന്ന് ഞാന്‍ പലതവണ പ്രതീക്ഷിച്ചു. എന്റെ കുതിരയുടെ മോന്തയും കാലും മുറിഞ്ഞ് ചോരയൊലിച്ചു. എങ്കിലും ഞങ്ങള്‍ ദീര്‍ഘവും കഠിനവും എന്നാല്‍ വിസ്മയിപ്പിക്കുന്നതുമായ പാതയില്‍ മുന്നേറി.



ഈ പുരാതനമായ വനത്തിനു നടുവില്‍ ഞങ്ങളെ കാത്തിരിക്കുന്ന തെന്തോ ഉണ്ടായിരുന്നു. പെട്ടെന്ന്, മായക്കാഴ്ചയെന്നപോലെ പാറക്കെട്ടു കള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മനോഹരമായ പുല്‍മേടില്‍ ഞങ്ങള്‍ എത്തി: തെളിഞ്ഞ വെള്ളം, പച്ചപ്പുല്ല്, കാട്ടുപൂച്ചെടികള്‍, അരുവികളുടെ കളകളാരവം, മേലെ നീലാകാശം, ഇലകളുടെ പ്രതിബന്ധമില്ലാതെ പ്രകാശപ്രവാഹം.

അവിടെ മാന്ത്രികവൃത്തത്തിനുള്ളിലെന്നപോലെ ഞങ്ങള്‍ നിന്നു. വിശുദ്ധമായ ഇടത്തിലെ അതിഥികളെപ്പോലെ. അവിടെ ഞാന്‍ പങ്കുകൊണ്ട ചടങ്ങിന് പിന്നെയും പാവനതയുടെ അന്തരീക്ഷമുണ്ടായിരുന്നു. കാലിമേയ്ക്കുവാന്‍ വന്നവന്‍ കുതിരപ്പുറത്തുനിന്നിറങ്ങി. ഈ ഇടത്തിന്റെ മധ്യത്തില്‍ ഏതോ അനുഷ്ഠാനത്തിന്റെ ഭാഗമായി സ്ഥാപിച്ചതുപോലെ ഒരു കാളയുടെ തലയോട്ടിയുണ്ടായിരുന്നു. അവര്‍ ഓരോരുത്തരായി നിശ്ശബ്ദരായി നാണ്യങ്ങളും ഭക്ഷണവും ഈ തലയോട്ടിയുടെ കണ്‍കുഴിയില്‍ ഇട്ടു. വഴിതെറ്റിയ യാത്രക്കാരെ ഉദ്ദേശിച്ചുള്ള ഈ ത്യാഗത്തില്‍ ഞാനും പങ്കാളിയായി. എല്ലാതരത്തിലുമുള്ള അഭയാര്‍ഥികള്‍ക്കും ആ ചത്ത കാളയുടെ കണ്‍കുഴിയില്‍ അപ്പവും ആശ്വാസവും ലഭിക്കും.

മറക്കാനാവാത്ത ആ ചടങ്ങ് അതുകൊണ്ട് കഴിഞ്ഞില്ല. എന്റെ നാടന്‍ ചങ്ങാതിമാര്‍ തൊപ്പിയൂരി വിചിത്രമായ ഒരു നൃത്തം തുടങ്ങി. ഉപേക്ഷിക്കപ്പെട്ട ആ തലയോട്ടിയുടെ ചുറ്റും അവര്‍ ഒറ്റക്കാലില്‍ തുള്ളി. അവര്‍ക്കു മുമ്പേ അവിടെ വന്ന എത്രയോ പേരുടെ കാലടിപ്പാടുകളുടെ വൃത്തത്തില്‍ അവര്‍ നീങ്ങി. എനിക്ക് ജ്ഞാതരല്ലാത്ത എന്റെ കൂട്ടുകാരോടൊപ്പമായിരിക്കെ എനിക്ക് അവ്യക്തമായി മനസ്സിലായി, അറിയാത്ത ആളുകള്‍ക്കിടയില്‍ ഒരുതരം പരസ്​പരബന്ധമുണ്ടെന്ന്. ഈ ലോകത്തെ ഏറ്റവും വിദൂരസ്ഥവും ഒറ്റപ്പെട്ടതുമായ ഏകാന്തതയിലും ഒരു ശ്രദ്ധ, ഒരപേക്ഷ, ഒരു മറുപടി ഉണ്ടെന്ന്.

തുടര്‍ന്ന് യാത്രചെയ്ത് ഞങ്ങള്‍ എന്റെ ജന്മനാട്ടില്‍നിന്ന് വളരെ വര്‍ഷങ്ങളോളം മാറ്റിനിര്‍ത്തിയ ആ അതിര്‍ത്തിയിലെത്തി. രാത്രി പര്‍വതങ്ങള്‍ക്കി ടയിലെ അവസാനത്തെ മലമ്പാതയിലെത്തി. പെട്ടെന്ന് ഞങ്ങള്‍ തീയിന്റെ വെളിച്ചം കണ്ടു. മനുഷ്യസാന്നിധ്യത്തിന്റെ ഉറച്ച അടയാളം. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ ഒട്ടൊക്കെ തകര്‍ന്ന, ഉപേക്ഷിച്ചവയെന്നു തോന്നിച്ച കുടിലുകള്‍ കണ്ടു. ഒരു കുടിലിലേക്കു ഞങ്ങള്‍ ചെന്നു. അവിടെ നിലത്തിനു നടുവില്‍ മരത്തടികള്‍ എരിയുന്ന വെളിച്ചം കണ്ടു. വന്‍മരങ്ങളുടെ ശവ ങ്ങള്‍. അവ അവിടെ രാവും പകലും എരിയുകയാണ്. അവിടെനിന്നുള്ള പുക മേല്‍ക്കൂരയുടെ ദ്വാരങ്ങളിലൂടെ പുറത്തുകടന്ന് ഇരുട്ടില്‍ കടുംനീല തിരശ്ശീലപോലെ ഉയര്‍ന്നു. അട്ടിയിട്ട ചീസിന്റെ കുന്നുകള്‍ ഞങ്ങള്‍ കണ്ടു. ഈ മലമ്പ്രദേശത്ത് ആളുകള്‍ ഉണ്ടാക്കുന്നതാണത്. തീയ്ക്കരികില്‍ ധാരാളം ആളുകള്‍ ചാക്കുകള്‍ തരംതിരിച്ചിട്ടപോലെ കിടന്നു. നിശ്ശബ്ദത യില്‍ ഗിറ്റാറിന്റെ സ്വരങ്ങളും പാട്ടിന്റെ ശീലുകളും കേട്ടു. അത് ഇരുട്ടില്‍ നിന്നും കനലുകളില്‍നിന്നും പിറന്നതാണ്. ആ യാത്രയിലാദ്യമായി ഞങ്ങള്‍ കേട്ട മനുഷ്യശബ്ദം. അത് പ്രണയത്തിന്റെയും അകലത്തിന്റെയും പാട്ടായിരുന്നു. പ്രണയത്തിന്റെ രോദനം, വിദൂരമായ നീരരുവി ക്കുവേണ്ടിയുള്ള ആഗ്രഹം, ജീവിതത്തിന്റെ പരിധിയില്ലാത്ത വ്യാപ്തിക്കുവേണ്ടി ഞങ്ങള്‍ വിട്ടുപോന്ന പട്ടണങ്ങളില്‍നിന്നുള്ളതാണ്. ഞങ്ങള്‍ ആരെന്ന് ഈ ആളുകള്‍ക്കറിയില്ല. ഞങ്ങളുടെ പലായനത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. അവര്‍ എന്റെ പേരോ കാവ്യങ്ങളോ കേട്ടിട്ടില്ല. അല്ലെങ്കില്‍ ഒരുപക്ഷേ, കേട്ടിട്ടുണ്ടാവും? ഒരുപക്ഷേ, ഞങ്ങളെ അറിയും? വാസ്തവത്തില്‍ സംഭവിച്ചതിതാണ്. ഞങ്ങള്‍ തീയ്ക്കരികില്‍ പട്ടുപാടി, തിന്നു, പിന്നെ ഇരുളില്‍ പുരാതനമായ ഏതോ അറകളിലേക്കു പോയി. അവയിലൂടെ ചൂടുള്ള നീരുറവ ഒഴുകി. അഗ്നിപര്‍വ്വതത്തിന്റെ സൃഷ്ടിയായ വെള്ളം. അതില്‍ ഞങ്ങള്‍ മുങ്ങിക്കുളിച്ചു. പര്‍വതനിരകളുടെ ഉള്ളില്‍ നിന്ന് നിര്‍ഗമിച്ച ഊഷ്മളത. അത് ഞങ്ങളെ അതിന്റെ മാറില്‍ സ്വീകരിച്ചു.

സന്തോഷത്തോടെ ഞങ്ങള്‍ വെള്ളത്തില്‍ തട്ടിപ്പിടച്ചു. സ്വയം അകംപുറം മറിച്ചു. കുതിരപ്പുറത്തേറിയുള്ള ദീര്‍ഘമായ യാത്രയുടെ ഭാരത്തില്‍ നിന്ന് ഞങ്ങള്‍ സ്വയം മോചിപ്പിച്ചു. പുലര്‍ച്ചെ എന്നെ ജന്മദേശത്തുനിന്ന് ഇല്ലായ്മ ചെയ്യാന്‍ പോവുന്ന ഏതാനും നാഴിക ദൂരമുള്ള യാത്ര തുടങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് ഉത്സാഹം തോന്നി. വീണ്ടും പിറന്നതുപാലെ, ജ്ഞാനസ്‌നാനം ചെയ്തതുപോലെ. ഞങ്ങള്‍ പാട്ടുപാടിക്കൊണ്ട് കുതിരപ്പുറത്ത് സഞ്ചരിച്ചു. നിറയെ നവോന്മേഷവുമായി, എന്നെ കാത്തിരിക്കുന്ന ലോകത്തിന്റെ വിശാലവീഥിയിലേക്ക് ഞങ്ങളെ നയിച്ച പുതിയ ഊര്‍ജവുമായി. പര്‍വതവാസികള്‍ക്ക് അവരുടെ പാട്ടിനും ഭക്ഷണത്തിനും ചൂടുള്ള ജലത്തിനും താമസിക്കാനും കിടക്കാനും ഇടംതന്നതിനും, യാത്രയില്‍ അപ്രതീക്ഷിതമായി ലഭിച്ച സ്വര്‍ഗസമാനമായ അഭയകേന്ദ്രത്തിനും, നന്ദിപൂര്‍വം കുറച്ചു നാണ്യങ്ങള്‍ നല്കാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ അവ രത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇക്കാര്യം എനിക്ക് നല്ല ഓര്‍മയുണ്ട്. അവര്‍ ഞങ്ങള്‍ക്ക് ഉപകാരം ചെയ്തു, അത്രമാത്രം. മൗനമായ ഈ 'അത്രമാത്രം' മനസ്സിലാക്കാവുന്ന പലതും ഒളിഞ്ഞിരിക്കുന്നതാണ്. ഒരുപക്ഷേ, ഒരു തിരിച്ചറിവ്, ഒരുപക്ഷേ, സമാനമായ സ്വപ്നങ്ങള്‍.

മാന്യന്മാരേ മഹിളകളേ,
ഒരു കാവ്യം എഴുതാനുള്ള കുറിപ്പടിയൊന്നും ഒരു പുസ്തകത്തില്‍ നിന്നും ഞാന്‍ പഠിച്ചിട്ടില്ല. അതുപോലെ, എന്റെ ഊഴം വരുമ്പോള്‍ ഞാനും ഭാവത്തെയോ രീതിയെയോ പറ്റി (പുതിയ കവികള്‍ക്ക് ഉള്‍ക്കാഴ്ചയെന്നു പറയുന്നതിന്റെ കണികയെങ്കിലും നല്‍കുന്നതരത്തിലുള്ള) ഉപദേശം നല്‍ കുന്നത് ഒഴിവാക്കും. ഈ പ്രസംഗത്തില്‍ ഭൂതകാല സംഭവങ്ങള്‍ ഞാന്‍ വിവരിക്കുമ്പോള്‍ അന്നുള്ളതില്‍നിന്നു വളരെ വിഭിന്നമായ ഈ ഇടത്തില്‍ ഒരിക്കലും മറക്കാത്ത ഒരു സംഭവം ഇപ്പോള്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ അതിനുള്ള കാരണം ജീവിതത്തില്‍ ആവശ്യമായ പിന്തുണ എപ്പോഴും എവിടെയെങ്കിലും ഞാന്‍ കണ്ടെത്തിയിട്ടുണ്ട് എന്നതാണ്. എന്റെ വാക്കുകളില്‍ ശിലീഭവിക്കാനായി എന്നെ കാത്തിരിക്കുന്ന പരിഹാരമാര്‍ഗമല്ല, മറിച്ച് എന്നെ എനിക്കുതന്നെ വിശദീകരിച്ചു തരാനുള്ളതാണത്.

ഈ ദീര്‍ഘമായ യാത്രയ്ക്കിടെ കാവ്യത്തിന്റെ നിര്‍മാണത്തിനാവശ്യമായ ഘടകങ്ങള്‍ ഞാന്‍ കണ്ടെത്തി. അവിടെ ഭൂമിയില്‍നിന്നും ആത്മാവില്‍നിന്നും ഞാന്‍ ദാനം കൈക്കൊണ്ടു. കവിത ഒരു പ്രവൃത്തിയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്പായുസ്സായാലും ഉദാത്തമായാലും ശരി, അതില്‍ ഏകാന്തതയും സമഭാവനയും, വികാരവും പ്രവൃത്തിയും, തന്നോടു തന്നെയുള്ള സാമീപ്യവും മനുഷ്യവംശത്തോടും പ്രകൃതിയുടെ ഗൂഢമായ ആവിഷ്‌കരണത്തോടുമുള്ള സാമീപ്യവും തുല്യപങ്കാളികളായി പ്രവേശിക്കുന്നു. അത്രതന്നെ ഉറപ്പോടെ ഞാന്‍ കരുതുന്നത് ഇതിനെയെല്ലാം -മനുഷ്യനും അവന്റെ നിഴലും, മനുഷ്യനും അവന്റെ പെരുമാറ്റവും, മനുഷ്യനും അവന്റെ കവിതയും- നിലനിര്‍ത്തുന്നത്, വിശാലമായിക്കൊണ്ടേയിരിക്കുന്ന സാമുദായിക ബോധമാണ്, നമ്മളിലുള്ള യാഥാര്‍ഥ്യത്തെയും സ്വപ്‌നങ്ങളെയും എന്നെന്നും യോജിപ്പിക്കുന്ന യത്‌നമാണ്, കാരണം ശരിക്കും ഈ രീതിയിലാണ് കവിത അവയെ ഒരുമിപ്പിക്കുന്നതും സംയോജിപ്പിക്കുന്നതും. അതുകൊണ്ട് ഭയപ്പെടുത്തുന്ന നദി മുറിച്ചുകടക്കുമ്പോള്‍, കാളയുടെ തലയോട്ടിക്കു ചുറ്റും നൃത്തം ചെയ്തപ്പോള്‍, കൊടുമുടിയില്‍ ശുദ്ധീകരിക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍, ഞാന്‍ പഠിച്ച പാഠങ്ങള്‍ അവ മറ്റു പലര്‍ക്കും പകരാനായി എന്നില്‍നിന്ന് കവിഞ്ഞൊഴുകിയതാണോ, അതോ മറ്റുള്ളവര്‍ ആവശ്യമെന്ന നിലയിലോ ആരോപണമെന്ന നിലയിലോ എനിക്കയച്ച സന്ദേശങ്ങള്‍ മാത്രമാണോ എന്ന് അറിയില്ലെന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ പറയും. ഇത് ഞാന്‍ അനുഭവിച്ചതാണോ സൃഷ്ടിച്ചതാണോ എന്നെനിക്കറിയില്ല. എനിക്കറിയില്ല, അത് സത്യമോ കവിതയോ എന്ന്, നൈമിഷികമോ നിരന്തരമോ എന്ന്, ഈ നിമിഷം ഞാന്‍ അനുഭവിക്കുന്ന കാവ്യങ്ങള്‍, പിന്നീടു ഞാന്‍ പദ്യത്തിലെഴുതുന്ന അനുഭ വങ്ങള്‍.

പ്രിയ സുഹൃത്തുക്കളേ, ഇതില്‍നിന്നെല്ലാം കവി മറ്റുള്ളവരില്‍നിന്ന് പഠിക്കേണ്ട ഒരുള്‍ക്കാഴ്ച ഉരുത്തിരിയുന്നു. തരണം ചെയ്യാനാവാത്ത ഏകാന്തതയില്ല. എല്ലാ പാതകളും ഒരേ ലക്ഷ്യത്തിലേക്കാണ്. നമ്മളെന്താ ണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുക. ഏകാന്തതയും പ്രയാസങ്ങളും ഒറ്റപ്പെ ടലും നിശ്ശബ്ദതയും തരണം ചെയ്‌തേ നമുക്ക് ആ മായാമോഹന കേന്ദ്രത്തില്‍ എത്തി, വികൃതമായി നൃത്തംവെക്കാനും ശോകഗാനങ്ങള്‍ പാടാനും കഴിയുകയുള്ളൂ. എന്നാല്‍ ഈ നൃത്തത്തിലും ഈ ഗാനത്തിലും മനുഷ്യരാണെന്ന ബോധവും പൊതുവായ ഭാവിയുണ്ടെന്ന വിശ്വാസവും വഴി, നമ്മുടെ മനസ്സാക്ഷിയുടെ ഏറ്റവും പ്രാചീനമായ അനുഷ്ഠാനങ്ങള്‍ നിറവേറുന്നു.
കുറച്ചോ കുറെയേറെയോ പേര്‍ എന്നെ, സൗഹാര്‍ദത്തിന്റെയും ബാധ്യതയുടെയും മേശയ്ക്കരികില്‍ ഇരിക്കാന്‍ വയ്യാത്ത പക്ഷപാതിയെന്നു കരുതിയാലും, എതിര്‍ക്കാന്‍ എനിക്കാഗ്രഹമില്ല. കാരണം, ആരോപണമോ ന്യായീകരണമോ കവിയുടെ ചുമതലകളില്‍പ്പെടുമെന്നു ഞാന്‍ കരുതുന്നില്ല. എന്തൊക്കെ പറഞ്ഞാലും കവിതയെ ഭരിക്കുന്ന ഒറ്റക്കവിയുമില്ല. ഒരു കവി തന്റെ കൂട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പുറപ്പെടുന്നെങ്കില്‍, അല്ലെങ്കില്‍ മറ്റൊരു കവി ന്യായമോ അന്യായമോ ആയ ആരോപണങ്ങളെ ചെറുക്കാന്‍ സമയം പാഴാക്കുന്നെങ്കില്‍ എന്റെ വിശ്വാസം, ഢംഭ് മാത്രമാണ് അങ്ങനെ നമ്മളെ വഴിതെറ്റിക്കുക എന്നാണ്. കവിതയുടെ ശത്രുക്കളെ കണ്ടെത്താനാവുക കവിത പ്രയോഗിക്കുന്നവരുടെ കൂട്ടത്തിലോ അതിനെ സംരക്ഷിക്കുന്നവരുടെ കൂട്ടത്തിലോ അല്ല, മറിച്ച് കവിയുടെ പൊരുത്തമില്ലായ്മയിലാണ് എന്നാണ് എന്റെ വിചാരം. അതുകൊണ്ട്, തന്റെ ഏറ്റവും വിസ്മൃതരും ചൂഷിതരുമായ സമകാലികര്‍ക്കുതന്നെ മനസ്സിലാക്കിക്കൊടുക്കാനുള്ള പ്രാപ്തിയില്ലായ്മയിലും കവിഞ്ഞ് ഒരു കവിക്കും ഗണ്യരായ ശത്രുക്കള്‍ ആരുമില്ല. ഇത് സകലരാജ്യത്തും സകല കാലത്തും ബാധകമാണ്.



കവി ഒരു കൊച്ചു ദൈവമല്ല. അങ്ങനെയല്ലതന്നെ. അയാളെ മറ്റു വേലയും ജോലിയും ചെയ്യുന്നവരെക്കാള്‍ മുന്തിയ പരിഗണനയോടെ ദൈവവിധി തിരഞ്ഞെടുത്തതല്ല. നമ്മുടെ അന്നന്നത്തെ അപ്പം ഉണ്ടാക്കുന്ന ആളാണ് ഏറ്റവും നല്ല കവിയെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്തുള്ള അപ്പക്കാരന്‍, താന്‍ ദൈവമെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. മാവു കുഴച്ച്, അപ്പക്കൂടില്‍ വെച്ച്, സ്വര്‍ണവര്‍ണങ്ങളില്‍ ചുട്ടെടുത്ത്, സഹവര്‍ത്തിത്വത്തിന്റെ ചുമതലയെന്ന നിലയില്‍ നമുക്ക് അന്നന്നത്തെ അപ്പം തന്ന് ഇയാള്‍ തന്റെ പ്രൗഢവും നാട്യമില്ലാത്തതുമായ ക്രിയ നിര്‍വഹിക്കുന്നു. ഈ ലളിതമായ ബോധം നേടാന്‍ കവിക്കാവുകയാണെങ്കില്‍ ഇതും വലിയൊരു പ്രവൃത്തിയുടെ ഘടകമായി മാറും. ഒരു സമുദായത്തിന്റെ നിര്‍മാണം, മനുഷ്യവംശത്തെ വലയം ചെയ്യുന്ന സാഹചര്യങ്ങളെ മാറ്റല്‍, മനുഷ്യവംശത്തിന്റെ ഉല്‍പന്നങ്ങളായ അപ്പം, സത്യം, വീഞ്ഞ്, സ്വപ്നങ്ങള്‍ എന്നിവയെ കൈമാറ്റം ചെയ്യല്‍, ഇവയ്‌ക്കൊക്കെ രൂപംനല്‍കുന്ന ലളിതമോ സങ്കീര്‍ണമോ ആയ ഘടനയില്‍ ഒരു ഘടകം. താന്‍ ഏറ്റെടുത്ത കാര്യം, തന്റെ ഉദ്യമം, എല്ലാ ആളുകളുടെയും ദൈനം ദിന പ്രവൃത്തിയോട് തനിക്കുള്ള മമത, ഇതെല്ലാം ഓരോരുത്തരുടെ കൈ യിലും എത്തിക്കാനുള്ള ഒരിക്കലും പൂര്‍ത്തിയാവാത്ത ഈ സമരത്തില്‍ കവി പങ്കാളിയാവുകയാണെങ്കില്‍, കവിക്ക്, വിയര്‍പ്പിലും അപ്പത്തിലും വീഞ്ഞിലും മനുഷ്യരാശിയുടെ മുഴുവന്‍ സ്വപ്നത്തിലും പങ്കാളിയാവണം. കവി പങ്കാളിയാവും. സാധാരണക്കാരാവുക എന്ന ഒഴിവാക്കാന്‍ വയ്യാത്ത ഈ രീതിയിലൂടെ മാത്രമേ കവിതയ്ക്ക്, ഓരോ കാലഘട്ടത്തിലും അതില്‍ നിന്ന് കൂടെക്കൂടെ മുറിച്ചുകളഞ്ഞ (ഓരോ കാലഘട്ടത്തിലും നമ്മളെയും ചെത്തിക്കുറച്ചതുപോലെത്തന്നെ) ഗംഭീര വിശാലത തിരികെ നല്കാ നാവൂ.

എന്നെ ഒരു ആപേക്ഷിക സത്യത്തിലേക്കെത്തിച്ച അബദ്ധങ്ങളും ആവര്‍ത്തിച്ച് അബദ്ധങ്ങളിലേക്ക് തിരികെ എത്തിച്ച സത്യങ്ങളും, സര്‍ഗാത്മക പ്രക്രിയ എന്നു പറയുന്നത് പഠിക്കാനോ പ്രാവര്‍ത്തികമാക്കാനോ (അതിനു കഴിഞ്ഞെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല), സാഹിത്യ ത്തിന്റെ ദുര്‍ഗമമായ ശൃംഗങ്ങളില്‍ എത്താനോ എന്നെ അനുവദിച്ചില്ല. എങ്കിലും ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. നമ്മള്‍ തന്നെയാണ് മിത്തുകളുടെ സൃഷ്ടിയിലൂടെ പിശാചുകളെ ആവാഹിക്കുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന, ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍നിന്ന് പിന്നീട് നമ്മുടെ വികാസത്തിനും ഭാവിയിലെ വികാസത്തിനും തടസ്സങ്ങള്‍ ഉയരുന്നു. തെറ്റുപറ്റാത്ത തരത്തില്‍ നമ്മള്‍ യാഥാര്‍ഥ്യത്തിലേക്കും യഥാതഥ വാദത്തിലേക്കും നയിക്കപ്പെടുന്നു. അതിനര്‍ഥം നമുക്കു ചുറ്റുമുള്ള എല്ലാറ്റിനെയും മാറ്റങ്ങളുടെ രീതിയെയുംപറ്റി നമ്മള്‍ പരോക്ഷമായി ബോധമുള്ളവരാകുന്നു. പിന്നെ വൈകിയെന്നു തോന്നുന്ന വേളയില്‍ നമ്മള്‍ മനസ്സിലാക്കുന്നു, നമ്മള്‍ ഒരു പെരുപ്പിച്ച പ്രതിബന്ധത്തെ കെട്ടിപ്പൊക്കിയതാണെന്നും ജീവിതത്തെ വികസിക്കാനും പൂത്തുലയാനും സഹായിക്കുന്നതിനു പകരം സജീവമായതിനെ കൊല്ലുകയാണെന്നും നമ്മള്‍ നമുക്കു മേല്‍ ഒരുതരം യഥാതഥ സമീപനം അടിച്ചേല്പിക്കുന്നു. ഇതാവട്ടെ, നമ്മുടെ ഒഴിച്ചുകൂടാത്ത കര്‍ത്തവ്യമെന്ന് നാം കരുതിയ കെട്ടിടനിര്‍മാണം നടത്താതിരിക്കെത്തന്നെ അതിനുള്ള ഇഷ്ടികകളെക്കാള്‍ കനത്തതാണെന്ന് പിന്നീട് നമ്മള്‍ മനസ്സിലാക്കുന്നു. വിരുദ്ധമായ അവസ്ഥയില്‍ ദുര്‍ഗ്രാഹ്യമെന്ന വിഗ്രഹത്തെ (ളലശേവെ) (അല്ലെങ്കില്‍ കുറച്ചുപേര്‍ക്കു മാത്രം ഗ്രാഹ്യമായതെന്ന വിഗ്രഹത്തെ) വിശിഷ്ടവും നിഗൂഢവുമെന്ന വിഗ്രഹ ത്തെ സൃഷ്ടിക്കുന്നതില്‍ നാം വിജയിച്ചാല്‍, യാഥാര്‍ഥ്യത്തെയും അതിന്റെ യഥാതഥമായ ച്യുതികളെയും നാം വിഗണിച്ചാല്‍ നമ്മള്‍ ദുഷ്‌കരമായ രാജ്യത്ത് അകപ്പെടും. ഇലകളും ചളിയും ആവിയും ഉള്ള ചളിക്കുണ്ട്, അവിടെ നമ്മുടെ പാദങ്ങള്‍ പൂണ്ടുപോവും. വിനിമയത്തിന്റെ അസാധ്യത നമ്മളെ ശ്വാസംമുട്ടിക്കും.

ഞങ്ങള്‍ വിശാലമായി വ്യാപിച്ചുകിടക്കുന്ന അമേരിക്കന്‍ പ്രദേശത്തെ എഴുത്തുകാരുടെ കാര്യമെടുത്താല്‍, ഈ വമ്പന്‍ ശൂന്യത ഇറച്ചിയും ചോര യുമുള്ള ജീവികളെക്കൊണ്ട് നികത്താനുള്ള ആഹ്വാനത്തിന് ഞങ്ങള്‍ സദാ കാതോര്‍ക്കുന്നു. നിറവേറ്റാന്‍ ബാധ്യതയുള്ളവരെന്ന ബോധം ഞങ്ങള്‍ക്കുണ്ട്. അതേസമയം, ശൂന്യവും ശൂന്യമായതുകൊണ്ടുതന്നെ അനീതിക്കും ശിക്ഷയ്ക്കും ദുരിതത്തിനും കുറവില്ലാത്തതുമായ ഒരു ലോകത്തില്‍ വിമര്‍ശന സ്വഭാവമുള്ള വിനിമയം ചെയ്യുക എന്ന ഒഴിക്കാനാവാത്ത കര്‍ത്തവ്യം ഞങ്ങള്‍ നേരിടുന്നു. തകര്‍ന്നടിഞ്ഞ സ്മാരകസ്തംഭങ്ങളിലെ ശില്പങ്ങളിലും കല്ലിലും ഗ്രഹവിസ്തൃതിയിലും പ്രാചീനമായ നിബിഡവനങ്ങളിലും ഇടിമുഴക്കംപോലെ ഗര്‍ജിക്കുന്ന നദികളിലും ഉറങ്ങിക്കിടക്കുന്ന പഴയ സ്വപ്നങ്ങളെ ഉണര്‍ത്തുന്ന ബാധ്യതയും ഞങ്ങള്‍ അറിയുന്നു. മൂകമായ ഒരു വന്‍കരയിലെ ഏറ്റവും വിദൂരമായ പ്രദേശങ്ങള്‍ പോലും ഞങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ടു നിറയ്ക്കണം. കെട്ടുകഥകള്‍ പടയ്ക്കുകയും പേരുകള്‍ നല്കുകയും ചെയ്യുന്ന ഈ ജോലി ഞങ്ങളെ ഉന്മത്തരാക്കുന്നു. ഒരുപക്ഷേ, എന്റെ എളിയ കാര്യത്തില്‍ നിര്‍ണായകമായ കാര്യം ഇതാണ്. അങ്ങനെയെങ്കില്‍ എന്റെ അത്യുക്തികളും കവിഞ്ഞൊ ഴുകലും വാചാടോപവും ഒരു അമേരിക്കക്കാരന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും ലളിതമായ സംഭവങ്ങളില്‍ കവിഞ്ഞൊന്നുമല്ല. എന്റെ പദ്യങ്ങള്‍ ഓരോന്നും തൊട്ടറിയാവുന്ന വസ്തുവായി ഇടംതിരിഞ്ഞെടുത്ത വയാണ്. എന്റെ കാവ്യങ്ങളില്‍ ഒരോന്നും ഉപയോഗപ്രദമായ പ്രവര്‍ത്തനോ പകരണം ആണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്റെ പാട്ടുകളില്‍ ഓരോന്നും പരസ്​പരം ഛേദിക്കുന്ന പാത്രങ്ങള്‍ക്ക് കണ്ടുമുട്ടാനുള്ള അടയാളമാവാന്‍ ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കില്‍ നമുക്കു പുറകേ വരുന്ന ആര്‍ക്കെങ്കിലും പുതിയ അടയാളങ്ങള്‍ കൊത്തിവെക്കാനുള്ള മരക്കഷ്ണമോ കല്ലോ എന്ന നില യില്‍.

കവിയുടെ കര്‍ത്തവ്യത്തെ അങ്ങേയറ്റത്തെ ഈ അനന്തരഫലങ്ങളിലേക്കു വ്യാപിപ്പിച്ചതിലൂടെ, ശരിയായാലും തെറ്റായാലും, ഞാന്‍ തീരുമാനിച്ചു. സമൂഹത്തിലായാലും ജീവിതത്തിനു മുന്‍പാകെയായാലും എന്റെ നിലപാട് എളിയരീതിയില്‍ പക്ഷംചേരലാണെന്ന്. ധാരാളം അന്തസ്സുള്ള ദൗര്‍ഭാഗ്യങ്ങളും, തനിച്ചുള്ള വിജയങ്ങളും തിളക്കമുള്ള പരാജയങ്ങളും കണ്ടപ്പോള്‍ ഞാന്‍ ഇത് തീരുമാനിച്ചു. അമേരിക്കയുടെ സമരവേദിയുടെ മധ്യത്തില്‍ എന്റെ മാനുഷികമായ ചുമതല, ജീവനും ആത്മാവുമടക്കം, ദുരിതവും പ്രതീക്ഷയും പേറിക്കൊണ്ട് സംഘടിതജനശക്തിയോടൊപ്പം ചേരുക മാത്രമാണെന്ന് ഞാന്‍ കണ്ടു. കാരണം ഈ മഹാ ജനകീയപ്രവാഹത്തില്‍നിന്നു മാത്രമേ എഴുത്തുകാര്‍ക്കും ദേശങ്ങള്‍ക്കും ആവശ്യമായ മാറ്റം വരുകയുള്ളൂ. എന്റെ നിലപട് വെറുപ്പും സൗഹാര്‍ദവും നിറഞ്ഞ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും വിദൂരസ്ഥവും ക്രൂരവുമായ ഞങ്ങളുടെ ദേശങ്ങളില്‍ ഇരുട്ട് നീങ്ങി വെളിച്ചം പരക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞങ്ങളെ വായിക്കാനോ, വായന തന്നെയോ പഠിക്കാത്ത, എന്തെങ്കിലും എഴുതാനോ ഞങ്ങള്‍ക്കെഴുതാനോ അറിഞ്ഞുകൂടാത്ത ദശലക്ഷക്കണക്കിനാളുകള്‍ അന്തസ്സു കൈവരിക്കണമെന്ന് -അതില്ലാതെ അവര്‍ക്കു പൂര്‍ണമനുഷ്യരാവാന്‍ കഴിയില്ല- നമ്മള്‍ ആഗ്രഹിക്കുന്നെങ്കില്‍, എഴുത്തുകാരന് ഇതല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല എന്നതാണ് സത്യം.

നൂറ്റാണ്ടുകളായി കുറ്റപ്പെടുത്തലിന്റെ ഭാരം വലിക്കുന്ന ജനങ്ങളുടെ തകര്‍ന്ന ജീവിതമാണ് നമ്മള്‍ക്ക് പൈതൃകമായി കിട്ടിയിരിക്കുന്നത്. സ്വര്‍ഗീയ ജീവിതം നയിച്ച ആളുകള്‍, ഏറ്റവും സംശുദ്ധര്‍, ലോഹവും കല്ലുംകൊണ്ട് അത്ഭുതകരമായ ഗോപുരങ്ങള്‍ ഉണ്ടാക്കിയവര്‍, അവരുടെ നിര്‍മിതി വിസ്മയിപ്പിക്കുന്ന വൈദഗ്ധ്യത്തിന്റെ ഉത്തമ മാതൃകകളാണ്. അവരെ ഇപ്പോഴും മാറാതെ നില്‍ക്കുന്ന കൊളോണിയലിസത്തിന്റെ ഭീകരമായ കാലഘട്ടങ്ങളില്‍ പെട്ടെന്ന് കൊള്ളയടിക്കുകയും നിശ്ശബ്ദരാക്കുകയുമുണ്ടായി.

നമ്മുടെ പ്രാരംഭ മാര്‍ഗദര്‍ശകങ്ങള്‍ സമരവും പ്രതീക്ഷയുമാണ്. ഓരോ മനുഷ്യനിലും ഏറ്റവും വിദൂരമായ കാലഘട്ടങ്ങള്‍ ചേര്‍ന്നിരിക്കുന്നു. നിഷ്‌ക്രിയത, തെറ്റുകള്‍, ദുരിതങ്ങള്‍, നമ്മുടെ കാലത്തിന്റെ അടിയന്തരത കള്‍, ചരിത്രത്തിന്റെ ഗതിവേഗം. വിശാലമായ അമേരിക്കന്‍ വന്‍കരയിലെ ഫ്യൂഡല്‍ ഭൂതകാലത്തിന്റെ തുടര്‍ച്ചയ്ക്കുവേണ്ടി ഞാന്‍ എന്തെങ്കിലും തരത്തില്‍ ഉദ്യമിച്ചിരുന്നെങ്കില്‍ എനിക്കെന്തു സംഭവിക്കുമായിരുന്നു? ഇപ്പോള്‍ എന്റെ രാജ്യത്തുണ്ടായിരിക്കുന്ന മാറ്റത്തില്‍ ചെറിയ അളവിലെങ്കി ലും പങ്കെടുത്തെന്ന് അഭിമാനിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ സ്വീഡന്‍ എനിക്കു നല്കിയ അംഗീകാരത്തിന്റെ ദീപപ്രഭയില്‍ നില്ക്കുന്ന എനിക്ക് എങ്ങനെ ദൃഷ്ടിയുയര്‍ത്തി നോക്കാന്‍ പറ്റുമായിരുന്നു? എത്രയോ എഴുത്തുകാര്‍ ഭൂതകാലത്തെ കൊള്ളയും ബലാത്കാരവും (ഇരു ദൈവങ്ങള്‍ അമേരിക്കക്കാരില്‍നിന്ന് എല്ലാം തട്ടിയെടുത്തത്) തള്ളിപ്പറയുന്നതെന്തുകൊണ്ടെന്നു മനസ്സിലാക്കണമെങ്കില്‍ അമേരിക്കയുടെ ഭൂപടത്തില്‍ നോക്കി അതിന്റെ ഉജ്ജ്വലമായ ബാഹുല്യത്തിനും ഞങ്ങളെ വലയംചെ യ്യുന്ന വിശാലമായ ഇടങ്ങളുടെ വിശ്വവ്യാപിയായ ഔദാര്യത്തിനും മുന്നില്‍ സ്വയം പ്രതിഷ്ഠിക്കേണ്ടതുണ്ട്.

ബാധ്യത വീതിക്കുക എന്ന ശ്രമകരമായ മാര്‍ഗമാണ് ഞാന്‍ തിരഞ്ഞെടുത്തത്. വ്യക്തിയെ സൂര്യനായും വ്യവസ്ഥയുടെ കേന്ദ്രമായും ആരാധിക്കുന്നതിനു പകരം അന്തസ്സുള്ള ഒരു സൈന്യത്തിന് എന്റെ സേവനം എല്ലാ എളിമയോടുംകൂടി നല്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. ഈ സൈന്യം ഇടയ്ക്കിടെ അബദ്ധങ്ങള്‍ കാണിക്കാം. എങ്കിലും അവിരാമം അതു മുന്നോട്ടുപോകുന്നു. വിരോധികളുടെ കാലത്തിനു നിരക്കായ്കയ്ക്കും പിടിവാശിക്കാരുടെ അക്ഷമക്കും എതിരെ ദിനംപ്രതി പൊരുതുന്നു. കവിയെന്ന നിലയിലുള്ള എന്റെ ചുമതലകളില്‍, പനിനീര്‍പുഷ്പത്തോടും സമ്മതിയോടും, ഉദാത്ത പ്രണയത്തോടും അവിരാമമായ അഭിലാഷത്തോടുമുള്ള ചങ്ങാത്തം മാത്രമല്ല വരുന്നത്, മറിച്ച് ഞാന്‍ എന്റെ കവിതയില്‍ ഉള്‍ക്കൊളളിച്ചിട്ടുള്ള അയവില്ലാത്ത മനുഷ്യപ്രവൃത്തിയോടുള്ള ചങ്ങാത്തവും വരുന്നു.

അസന്തുഷ്ടനും പ്രതിഭാശാലിയുമായ ഒരു കവി, നിരാശരായ ആത്മാക്കളില്‍ വെച്ചേറ്റവും ഭയങ്കരനായ ആള്‍, ഇന്നേക്ക് കൃത്യം നൂറുവര്‍ഷം മുമ്പ് ഈ പ്രവചനം എഴുതി, 'വെളുക്കുമ്പോള്‍ ഉജ്ജ്വല ക്ഷമയാല്‍ സായുധരായി നമ്മള്‍ ശോഭനമായ നഗരങ്ങളിലേക്കു പ്രവേശിക്കും.'

പൂര്‍വജ്ഞാനിയായ റേങ്‌ബോയുടെ ഈ പ്രവചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇരു പ്രദേശത്തുനിന്നാണ് ഞാന്‍ വരുന്നത്. ചെങ്കുത്തായ ഭൂഘടനകൊണ്ട് മറ്റെല്ലാ നാടുകളില്‍നിന്നും വേറിട്ടുകിടക്കുന്ന ഒരു നാട്ടില്‍നിന്ന്. കവികളില്‍ ഏറ്റവും നിരാലംബനാണു ഞാന്‍. എന്റെ കവിത നാടനാണ്, മര്‍ദിതവും മഴപെയ്യുന്നതുമാണ്. എങ്കിലും ഞാന്‍ എപ്പോഴും മനുഷ്യനില്‍ വിശ്വാസമര്‍പ്പിച്ചു. എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ഒരു പക്ഷേ, ഇതുകൊണ്ടാണ് ഞാന്‍ എന്റെ കവിതയും കൊടിയുമായി ഇപ്പോള്‍ ഇത്രത്തോളം എത്തിയത്.

അവസാനമായി നല്ലവരായ ജനങ്ങളോടും തൊഴിലാളികളോടും കവികളോടും ഇതുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതായത് റേങ്‌ബോ യുടെ ഈ വരിയില്‍ ഭാവി മുഴുവന്‍ അടങ്ങിയിരിക്കുന്നു: ജ്വലിക്കുന്ന ക്ഷമയോടെ മാത്രമേ നമുക്ക് മനുഷ്യവംശത്തിന് പ്രകാശവും നീതിയും അന്തസ്സും നല്‍കുന്ന ശോഭനമായ നഗരം കീഴടക്കാനാവൂ.
എങ്കില്‍ പാടിയത് വെറുതെയാവില്ല. (1971 ഡിസംബര്‍ 13)

പോസ്റ്റ്മാന്‍


No comments:

Post a Comment