Friday, February 18, 2011

അറബ് ലോകം

രോഷപ്രകടനമായി വിലാപയാത്രകള്‍; അറബ് ലോകം തിളച്ചുമറിയുന്നു
Posted on: 19 Feb 2011


മനാമ/സനാ/ട്രിപ്പോളി/കയ്‌റോ: ജനാധിപത്യ പ്രക്ഷോഭകര്‍ക്കുനേരെ അടിച്ചമര്‍ത്തല്‍ നടപടികളുണ്ടായ അറബ് രാജ്യങ്ങളായ ബഹ്‌റൈനിലും യെമനിലും ലിബിയയിലും വെള്ളിയാഴ്ച ജനം പൂര്‍വാധികം രോഷത്തോടെ വീണ്ടും തെരുവിലിറങ്ങി. ഏകാധിപതി ഹുസ്‌നി മുബാറക്കിനെ പ്രക്ഷോഭത്തിലൂടെ പുറത്താക്കുന്നതില്‍ വിജയിച്ച ഈജിപ്തില്‍ വെള്ളിയാഴ്ച നടന്ന വിജയാഹ്ലാദ പ്രകടനത്തില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അതേസമയം, മറ്റൊരു അറബ് രാജ്യമായ ടുണീഷ്യയില്‍ ജനകീയപ്രക്ഷോഭത്തിലൂടെ കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലി പക്ഷാഘാതത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ ആസ്​പത്രിയില്‍ അബോധാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്.

ബഹ്‌റൈനിലും യെമനിലും വ്യാഴാഴ്ച കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രകളിലാണ് ജനരോഷം അണപൊട്ടിയത്. രാജവാഴ്ച അവസാനിപ്പിക്കണമെന്നും അന്ത്യംവരെ ചോര ചിന്തുമെന്നും ബഹ്‌റൈനില്‍ നടന്ന വിലാപയാത്രകളില്‍ സ്ത്രീകളടക്കമുള്ള ആയിരങ്ങള്‍ വിളിച്ചുപറഞ്ഞു. തലസ്ഥാനമായ മനാമയിലെ ഷിയാ പള്ളികളില്‍ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനാചടങ്ങുകളിലും രാജകുടുംബത്തിനെതിരായ മുറവിളികളുയര്‍ന്നു. ഷിയാ ഭൂരിപക്ഷ രാജ്യമായ ബഹ്‌റൈനില്‍ സുന്നി രാജകുടുംബമാണ് ഭരണം നടത്തുന്നത്. സുന്നി- ഷിയാ സംഘര്‍ഷം രാജ്യത്ത് പതിവാണെങ്കിലും, ഇപ്പോഴത്തെ പ്രക്ഷോഭം വംശീയഭേദത്തിനതീതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'സുന്നിയും ഷിയയുമില്ല, ബഹ്‌റൈനി മാത്രം' എന്നതാണ് പ്രകടനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന പതിവുമുദ്രാവാക്യങ്ങളിലൊന്ന്. മൂന്നര ലക്ഷം ഇന്ത്യക്കാരുള്ള ബഹ്‌റൈനിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു വെള്ളിയാഴ്ച 'ട്വിറ്റര്‍' സന്ദേശത്തില്‍ പറഞ്ഞു. വ്യാഴാഴ്ച ബഹ്‌റൈനില്‍ പ്രക്ഷോഭകരും സുരക്ഷാസേനയുംതമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ അഞ്ചുപേര്‍ മരിക്കുകയും 230-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചത്തെ സംഘര്‍ഷങ്ങളില്‍ മൂന്നുപേര്‍ മരിച്ച യെമനിലും വിലാപയാത്രകള്‍ ഏകാധിപത്യവിരുദ്ധ പ്രകടനങ്ങളായി. കൂടാതെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേഹിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ചയും പതിനായിരങ്ങള്‍ തെരുവിലിറങ്ങി.

ലിബിയയില്‍ വ്യാഴാഴ്ച സുരക്ഷാസേന നടത്തിയ നിഷ്ഠൂരമായ അടിച്ചമര്‍ത്തലില്‍ രണ്ട് നഗരങ്ങളിലായി 24 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ പല നഗരങ്ങളിലും വെള്ളിയാഴ്ചയും പ്രകടനങ്ങള്‍ നടന്നു.

ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ വെള്ളിയാഴ്ച പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.

ഈജിപ്തിലെ കയ്‌റോയില്‍ വെള്ളിയാഴ്ച പതിനായിരങ്ങള്‍ അണിനിരന്ന വിജയാഹ്ലാദപ്രകടനം, രാജ്യത്ത് എത്രയുംവേഗം ജനാധിപത്യം സ്ഥാപിക്കാന്‍ പുതിയ സര്‍ക്കാറിനുള്ള താക്കീതുകൂടിയായി. ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയ ജനകീയപ്രക്ഷോഭത്തിനു പ്രചോദനമേകിയ ജനാധിപത്യസംഘടനകളുടെ കൂട്ടായ്മയായ 'കൊയലിഷന്‍ ഓഫ് ദ റെവലൂഷന്‍ യൂത്തി'ന്റെ ആഭിമുഖ്യത്തിലാണ് വിജയാഹ്ലാദപ്രകടനം നടന്നത്. ജനാധിപത്യപ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന പ്രകടനം, പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ 365 പേര്‍ക്കുള്ള പ്രണാമം കൂടിയായിരുന്നു. 
 
From Mathrubhum 

No comments:

Post a Comment