Monday, July 1, 2013

പ്രളയദുരന്തം പാഠമാവുന്നു


ചന്ദ്രബനി (ഉത്തരാഖണ്ഡ്): ഹിമാലയന്‍ മലഞ്ചെരിവുകളിലെ മഹാദുരന്തം ഉത്തരാഖണ്ഡില്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നു. പ്രളയം നാശം വിതച്ച സുപ്രധാനസ്ഥലങ്ങള്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമാക്കാന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങി.


കേദാര്‍നാഥ് വന്യജീവി പാര്‍ക്ക്, ബദരീനാഥ് മേഖലയിലെ വാലി ഓഫ് ഫ്‌ളവര്‍ നാഷണല്‍ പാര്‍ക്ക്, ഗംഗോത്രി നാഷണല്‍ പാര്‍ക്ക് എന്നിവയോടു ചേര്‍ന്നുള്ള ഭാഗങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാക്കി വിജ്ഞാപനം ചെയ്യാനായി ഉടന്‍ കേന്ദ്രസര്‍ക്കാറിന് പദ്ധതിനിര്‍ദേശം സമര്‍പ്പിക്കും. ഇതുസംബന്ധിച്ച ഔദ്യോഗികചര്‍ച്ച പൂര്‍ത്തിയായി. ഇപ്പോഴത്തെ പ്രളയത്തില്‍ കൂടുതല്‍ നാശമുണ്ടായ തീര്‍ഥാടനകേന്ദ്രങ്ങളോട് ചേര്‍ന്നുള്ളവയാണ് ഈ വന്യജീവി സങ്കേതങ്ങള്‍. പരിസ്ഥിതി ദുര്‍ബല പ്രദേശമായി ഉത്തരവിട്ടാല്‍ വനമേഖലയുടെയും മലഞ്ചെരിവുകളുടെയും സംരക്ഷണം കൂടുതല്‍ ഉറപ്പു വരുത്താനാവും. ഈ മേഖലകളിലെ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളും ഇതുവഴി നിയന്ത്രിക്കാനാവുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.


ഭാഗീരഥി താഴ്‌വരയില്‍ ഗോമുഖ് മുതല്‍ ഉത്തരകാശി വരെയുള്ള 131 കിലോമീറ്റര്‍ പുഴയോരഭാഗം ഇതിനകം കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി ദുര്‍ബലമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 4,180 ചതുരശ്രമീറ്റര്‍ പ്രദേശത്തിനും 88 ഗ്രാമങ്ങള്‍ക്കും ഇതിന്റെ ഭാഗമായുള്ള സംരക്ഷണം ലഭിക്കും. എന്നാല്‍, പ്രാദേശികവികസനത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞ് വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രി വിജയ് ബഹുഗുണ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സമീപിക്കുകയും ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം തടസ്സങ്ങള്‍ നിലനില്‍ക്കെയാണ് ദേശീയ വന്യജീവിസങ്കേതങ്ങള്‍ സംരക്ഷിക്കാനായി വനം വകുപ്പിന്റെ പുതിയ നീക്കം.


ആസൂത്രണമില്ലാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേദാര്‍നാഥിലെ അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തല്‍. പ്രകൃതിക്ക് കോട്ടം തട്ടാതെ നന്നായി ആസൂത്രണം ചെയ്ത്, പരിസ്ഥിതിസൗഹാര്‍ദമായ വികസനപദ്ധതികളാണ് ഹിമാലയത്തില്‍ ആവശ്യമെന്ന് വന്യജീവി വിദഗ്ധന്‍ വി.കെ. ഉണ്യാല്‍ പറഞ്ഞു. 65 ശതമാനവും വനമേഖലയിലുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. പാരിസ്ഥിതികപ്രത്യാഘാതം പഠിക്കാതെയുള്ള വികസനം ഇപ്പോഴത്തെ ദുരന്തത്തിനിടയാക്കിയെന്നതില്‍ വിദഗ്ധര്‍ക്കു തര്‍ക്കമില്ല. ഹിമാലയന്‍ ശിഖരങ്ങള്‍ ഭൂകമ്പം, ഉരുള്‍പൊട്ടല്‍, പ്രളയം എന്നിവയ്ക്ക് ഏതു നിമിഷവും സാധ്യതയുള്ള പ്രദേശമായിശാസ്ത്രീയമായി വിലയിരുത്തപ്പെട്ടിട്ടുള്ളതായി പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണ്‍ പറഞ്ഞു. ഒട്ടേറെ പഠനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുകയും സര്‍ക്കാറുകള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സാധാരണ ജൂലായ് മാസത്തില്‍ തുടങ്ങാറുള്ള കാലവര്‍ഷം ഹിമാലയത്തില്‍ ഇത്തവണ കാലം തെറ്റിയെത്തി. കാലാവസ്ഥാവ്യതിയാനവും മഴയുടെ സ്വഭാവമാറ്റവും തമ്മില്‍ ബന്ധമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.


ജൂണ്‍ 15-ന് മേഘസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഒറ്റ ദിവസത്തിനുള്ളില്‍ 240 മില്ലിമീറ്റര്‍ മഴയാണ് ഉത്തരാഖണ്ഡിലും ഹിമാലയന്‍ തടങ്ങളിലും പെയ്തത്. എത്ര പേര്‍ മരിച്ചെന്ന് ഇനിയും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി ദുര്‍ബലമാണെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ടുള്ള ഹിമാലയന്‍ ഭാഗങ്ങളില്‍ 70 വൈദ്യുതി പദ്ധതികള്‍ കെട്ടിപ്പൊക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നു. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി തുരങ്കങ്ങളും സംഭരണികളും നിര്‍മിച്ചാല്‍ ഭാഗീരഥി നദിയുടെ 80 ശതമാനവും അളകനന്ദ നദിയുടെ 65 ശതമാനവും ഒഴുക്ക് തടസ്സപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. 42 അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള തീരുമാനം ഇതിനകം ഹൈക്കോടതി റദ്ദാക്കി. കേദാര്‍നാഥ് ഘാട്ടിയിലും വിഷ്ണുഘാട്ടിലുമൊക്കെ ഇത്തരം അണക്കെട്ടുകളുണ്ട്. ശ്രീനഗറില്‍ അണക്കെട്ടിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം മൂവായിരം ദിവസം പിന്നിട്ടു. വികസനത്തിന്റെ പേരില്‍ ഹിമാലയത്തിന്റെ സ്വാഭാവികതയെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഉത്തരകാശിയില്‍ ഭാഗീരഥിനദിയില്‍ വെള്ളം നാല് മീറ്ററോളം പൊങ്ങി. 95 ഗ്രാമങ്ങള്‍ ഇല്ലാതായെന്ന് സംസ്ഥാന ദുരന്ത നിവാരണവിഭാഗത്തിന്റെ പഠനത്തില്‍ തെളിഞ്ഞു. ഗംഗോത്രി മേഖലയിലും വ്യാപകനാശനഷ്ടമുണ്ടായി.


ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഗോമുഖ് മുതല്‍ ഉത്തരകാശി വരെ പരിസ്ഥിതി ദുര്‍ബലപ്രദേശമായി കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിനെതിരെ ബി.ജെ.പി. രംഗത്തെത്തിക്കഴിഞ്ഞു.
http://www.mathrubhumi.com/online/malayalam/news/story/2358259/2013-06-27/india

No comments:

Post a Comment