ഓടുന്നതിനു മുമ്പേ തളരുന്നവർ
ബാല്യം നിലയ്ക്കരുത്
പരീക്ഷ ഒഴിവാക്കാൻ സുഹൃത്തിനെ കുത്തി കുലപ്പെടുത്തുക, തട്ടിക്കൊണ്ടു പോയതായി നാടകം കളിക്കുക; പലരും ആശ്ചര്യത്തോടെയാണ് ഇത് വായിച്ചത് . ഈ സംഭവം നടന്നത് കോളേജിൽ അല്ല, മറിച്ച് പ്രൈമറി സ്കൂൾ വിദ്യാർഥികൾ ആണ് ഈ കൃത്യം നിർവ്വഹിച്ചത് എന്നത് ചിന്തിപ്പിക്കുന്നതാണ്. നമുക്ക് എവിടെയാണ് തെറ്റ് പറ്റിയത് ? എൻട്രൻസ് പരീക്ഷകൾക്ക് പഠിക്കുന്നവരും ഐ ഐ ടി , ഐ ഐ എം പോലുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്നവരും ആത്മഹത്യയ്ക്ക് കീഴടങ്ങുന്നതും അപൂർവമല്ല. വിദ്യാർത്ഥികൾക്ക് പരീക്ഷപേടി ആണ് എന്ന അനുമാനത്തിൽ വിരാമം ഇടാൻ പറ്റുന്ന ഒരു ചോദ്യം മാത്രം ആണോ ഇത്? കേരളസമൂഹം ഈ വിഷയം ചർച്ച ചെയ്യേണ്ടതാണ് . കുട്ടികൾക്ക് പഠനം മടുപ്പാകുന്നത് അധ്യാപകരുടെയും മാതാപിതാക്കളുടെയും നിരന്തര നിർബന്ധങ്ങളും അമിത പ്രതീക്ഷകളും ആണ്. യന്ത്രങ്ങൾക്ക് ഓയിലും ഇന്ധനവും കൊടുക്കുന്നതുപോലെ മക്കൾക്ക് ബൂസ്റ്റും കോംപ്ലാനും കൊടുത്തു മാർക്ക് ഉണ്ടാക്കാമെന്ന് കരുതുമ്പോൾ തളർന്നു പോകുന്നത് പിഞ്ചു മനസ്സുകളാണ്. നിർബന്ധങ്ങളും നിബന്ധനങ്ങളും അല്ല താല്പര്യവും പ്രോത്സാഹനവും ആണ് മുൻഗണന ആകേണ്ടത്.
"പരീക്ഷയിൽ മാർക്ക് നേടിയില്ല എങ്കിൽ ജീവിതത്തിൽ തോറ്റുപോകും" എന്ന ധാരണ നാം അറിയാതെ തന്നെ നമ്മിൽ രൂഢമൂലം ആയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായാലും ജോലിക്കു ആയാലും മാർക്ക് ഒരു നിർണ്ണായക ഘടകം ആണെന്നത് വിസ്മരിക്കാൻ വയ്യ. എന്നാൽ പരീക്ഷയിൽ മാർക്ക് നേടിയാലും ജീവിതത്തിൽ അനേകർ തോറ്റു പോകുന്നുണ്ടെന്നതും പരീക്ഷയിൽ മാർക്ക് നേടാത്തവർ ജീവിതത്തിൽ വിജയിക്കുന്നുണ്ടെന്നതും നാം മനഃപൂർവ്വം മറന്നു കളയുന്നു.
നമ്മുടെ കുട്ടികൾ ജീവിതത്തിൽ തോറ്റു പോകരുത് . അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ബ്രഹുത്തായ സ്വാധീനം ചെലുത്താൻ സാധിക്കുന്ന ഒരു മേഖലയാണിത്. അമിത പ്രതീക്ഷകൾ, അടിച്ചേൽപ്പിക്കൽ നയം, താരതമ്യം ചെയ്യൽ, പ്രോത്സാഹനം നൽകാൻ മറക്കുക ഇവയെല്ലാം കുട്ടികളെ വല്ലാതെ തളർത്തി കളയുന്നു.
അഭിരുചി/താല്പര്യം എന്താണ് ?
മക്കൾ ഡോക്ടർ, എഞ്ചിനീയർ, ഐ എ സ് , ഐ പി സ് , സി എ ആകണം എന്ന നിര്ബന്ധ ബുദ്ധിയുള്ള മാതാപിതാക്കൾ ഉണ്ട്. നല്ലതു തന്നെ. എന്നാൽ അവർക്ക് അതിൽ താല്പര്യം ഉണ്ടോ, അഭിരുചിയുണ്ടോ, അതിനുള്ള കഴിവ് ഉണ്ടോ എന്നൊന്നും ചിന്തിക്കാതെ അമിതപ്രതീക്ഷയും, അഭിരുചിക്കും താല്പര്യത്തിനു വിരുദ്ധമായി നിര്ബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുമ്പോൾ അപകടം പതിയിരിക്കുന്നു. കുട്ടികളുടെ താല്പര്യവും അഭിരുചിയും കണ്ടെത്തണം അതനുസരിച്ച് ഭാവി പരിപാടികൾ തീരുമാനിക്കണം . ചിലപ്പോൾ അതനുസരിച്ച് മുമ്പോട്ടുപോകാൻ പ്രായോഗിക തടസ്സങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് വൊക്കേഷണൽ മേഖലയിൽ തൊഴിൽ തിരഞ്ഞെടുക്കാൻ ആളുകൾക്ക് വൈമുഖ്യം ഉണ്ട്; അത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്നമാണെന്ന നിലയിൽ ചില ഉന്നത നിലവാരത്തിൽ ഇരിക്കുന്നവർ അഭിപ്രായപ്പെടാറുണ്ട് എന്നാൽ അവർ ആരും തങ്ങളുടെ മക്കളെ അത്തരം കോഴ്സ് കൾക്ക് വിടുന്നതായി കാണുന്നില്ല. ഇവിടെ പ്രയോഗികതയാണ് ആവശ്യം. വൊക്കേഷണൽ മേഖല മോശമെന്നല്ല. അത് ബ്ലൂ കോളർ ജോലി എന്ന ധാരണ ശരിയും അല്ല. ഒരു പ്രത്യേകം മേഖലയിൽ താല്പര്യം ഉള്ളവർ എന്നാൽ മുന്നോട്ട് പഠിക്കാൻ സാഹചര്യം ഇല്ലാത്തവർ ചെറുതായി തുടങ്ങാൻ ഉള്ള അവസരം ആണിത്. പെട്ടെന്ന് ജോലി വേണം എന്ന് ആഗ്രഹിക്കുന്നവർക്കും ഇത് ഉത്തമം ആണ്.
പഠനത്തോടൊപ്പം ജോലിയോ, അല്ലെങ്കിൽ ജോലിയിൽ ഇടവേള എടുത്തു പഠിക്കുകയോ ചെയ്യുക എന്ന സങ്കേതം ആശ്രയിക്കാൻ നാം വിസമ്മതിക്കരുത്. അവർക്കു ഒരു പക്ഷെ മറ്റുള്ളവരെക്കാൾ ഉയർന്ന നിലവാരത്തിൽ എത്താൻ കഴിയും. ഇന്ന് എഞ്ചിനീയറിംഗ് ബിരുദ ധാരികളേക്കാൾ ഒരു പക്ഷെ എം ബി എ ക്കാരെക്കാൾ ഡിപ്ലോമക്കാർക്ക് തുടക്കം ശമ്പളം കൂടുതലായി ലഭിക്കുന്നു എന്നത് നാം ഓർക്കണം. ഇങ്ങനെ ഉള്ള അനവധി ആളുകളെ എനിക്കറിയാം.
എങ്ങനെ തുടങ്ങി എന്നല്ല എങ്ങനെ അവസാനിച്ചു എന്നതാണ് പ്രാധാന്യം.സ്ഫടികം എന്ന സിനിമയിൽ നായക കഥാപാത്രം നാം കഥപോലെ കണ്ടു കളയരുത്. നായകൻറെ ബാല്യകാലത്തിന്റെ അവതരണത്തിന് വലിയ കാലിക പ്രസക്തി ഉണ്ട്. മക്കളുടെ ഭാവിയെക്കുറിച്ച് ചെറുപ്പത്തിലേ തന്നെ പദ്ധതി ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ നഴ്സ്സറിയിൽ പഠിക്കുമ്പോഴേ സിവിൽ സർവീസ് കോച്ചിങ് വിടുന്ന മാതാപിതാക്കളെപ്പോലെ പ്രായോഗികത കൈവിടുന്നവരാകരുതു നമ്മൾ. പരീക്ഷകളുടെ സിലബസ് ഉൾപ്പടെ നിരന്തരം പരിഷ്കരണവിധേയം ആയിക്കൊണ്ടിരിക്കുകയാണെന്നു നാം മറന്നു പോകരുത്. ഇറച്ചി കോഴിയെപ്പോലെ വളർത്തുന്ന ഒരു കുട്ടി എന്റെ ബന്ധത്തിൽ ഉണ്ട്. എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ് എന്ന പേരിൽ പത്താം ക്ലാസ് മുതൽ മാതാപിതാക്കൾ തുടങ്ങി, എൻട്രൻസ് എട്ടുനിലയിൽ പൊട്ടി. ഒടുവിൽ അടുത്തു തന്നെ ആളെക്കിട്ടാതെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ ചേർത്തു. അവിടെയും സ്ഥിതി വ്യത്യസ്തം ആയിരുന്നില്ല. ഇപ്പോൾ ഐ എ സ് കോച്ചിങ് ആണ് . വേണ്ടവിധം മറ്റുള്ളവരുമായി മിണ്ടാനോ അഭിമുഖീകരിക്കാനോ എന്തിനു ഒന്ന് നേരെ നോക്കാനോ അറിയില്ല. ഇത്തരം കാര്യങ്ങളിൽ മെന്റർസ് , കരിയർ വിദഗ്ദർ , അനുഭവ സമ്പത്തു ഉള്ളവർ എന്നിവരുടെ സേവനം തേടുന്നതിൽ മടി കാണിക്കരുത് . 1) നല്ല പെരുമാറ്റം/ സ്വഭാവം/ മനോഭാവം, 2) ആശയ വിനിമയ ശേഷി (ഇംഗ്ലീഷ് ഉൾപ്പടെ), 3) മികച്ച സമകാലിക പരിജ്ഞാനം (കമ്പ്യൂട്ടർ ഉൾപ്പടെ) , 4) കഠിനാദ്ധ്വാനം/സ്ഥിരോത്സാഹം ഈ നാല് കാര്യം ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരിക്കലും നാം പരാജയപ്പെടുകയില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഓർക്കുക ജീവിതത്തിൽ റീടേക്കുകൾ ഇല്ല.
താരതമ്യം വേണ്ട
അടുത്ത വീട്ടിലെ കുട്ടിയാണ് മാതാപിതാക്കൾക്ക് മാതൃക. വളരെ അപകടകരമായ ഒരു പ്രവണതയാണിത്. മാർക്കിനും പ്രകടനത്തിനും എല്ലാം അവരോട് മത്സരിക്കേക്കേണ്ടി വരുന്നത് ആരോഗ്യകരമല്ല . ഇങ്ങനെ ചെയ്യുന്നവർ തങ്ങളുടെയും അയൽവക്കത്തെ കുട്ടിയുടെയും സാഹചര്യങ്ങൾ വിലയിരുത്തുക. സാമ്പത്തികം, കുടുംബാന്തരീക്ഷം, വിദ്യാഭ്യാസം, പാരമ്പര്യം, കഴിവ്; ഇതൊന്നും എല്ലാവര്ക്കും ഒരേ പോലെയല്ല. നാം നമ്മോട് തന്നെയാണ് മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. പകർത്തെഴുതന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തമായി എന്തെങ്കിലും എഴുതുന്നത്. മറ്റുള്ളവരിൽ നിന്ന് നന്മ സാംശീകരിക്കാൻ കഴിയുമെങ്കിൽ അതു നേടുക നമ്മുടെയതായ സ്വത്വം സൃഷ്ടിക്കാൻ മറന്നു പോവുകയും അരുത്. എല്ലാവരുടെയും വഴികൾ വ്യത്യസ്തമാണ് .
ചിറകു അരിയരുത്
മാർക്ക് എത്ര കുറഞ്ഞു എന്നതിലല്ല മാർക്ക് എത്ര കിട്ടി എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. 99 മാർക്ക് കിട്ടിയ കുട്ടിയോട് 1 മാർക്ക് എങ്ങനെ പോയി എന്ന് ചോദ്യം ചെയ്യുന്നതിനും മുമ്പേ, കിട്ടിയ മാർക്കിനായി അഭിനന്ദിക്കാൻ മറക്കരുത്. വിമർശനങ്ങൾ രഹസ്യത്തിലാകാം . പരസ്യമായി അഭിനന്ദിക്കാൻ പിശുക്കു കാണിക്കുകയുമരുത്. അധ്യാപകരും ഈ കാര്യത്തിൽ ബദ്ധശ്രദ്ധരാവുക. മിടുക്കർ മിടുക്കരാക്കാൻ ശ്രമിക്കുന്നവരാണ് പല അദ്ധ്യാപകരും. അത് ഒരു മിടുക്ക് അല്ല. സാധാരണക്കാരനെ മിടുക്കർ ആക്കുന്നവരാണ് മിടുക്കരായ അദ്ധ്യാപകർ. ഒഴിവാക്കുകപ്പെടുന്നവനെ ഉൾപ്പെടുത്തുന്നവരാണ് യാതാർത്ഥ അദ്ധ്യാപകർ.
കൂട്ടിലടച്ചിട്ട പക്ഷികളെ നോക്കുക. പലതും തുറന്നു വിട്ടാലും അവിടെ തന്നെ കിടക്കും, അവ പറക്കാൻ മടിക്കും പറക്കാൻ മറക്കും, . എന്നാൽ ചിലതു പറന്നു അകലും. രണ്ടു ആയാലും ആശാവഹമല്ല. മക്കളെ കൂട്ടിലടച്ചിട്ടു വളർത്തുന്നവരാണ് പല മാതാപിതാക്കളും. കൂട്ടിലടക്കപ്പെട്ടവർ ഒന്നുകിൽ എന്നും കൂട്ടിൽ അടയ്ക്കപ്പെട്ടവരായി ജീവിക്കും; അല്ലെങ്കിൽ പറക്കാൻ അവസരം കിട്ടിയാൽ പറന്നകലും , തിരിച്ചു വരാത്തവിധം.
തനിക്കു ആരാകണം എന്ന ചോദ്യത്തിന് ഒരു കുട്ടി ടെലിവിഷൻ ആകണം എന്നതിനെക്കുറിച്ചു എഴുതിയാതായി വായിച്ചിട്ടുണ്ട്. കാരണം മാതാപിതാക്കൾ ഏറ്റവും അധികം സമയം ചിലവഴിക്കുന്നതു ടി വി , മൊബൈൽ, കമ്പ്യൂട്ടർ എന്നിവയ്‌ക്കൊപ്പം ആണ്. കുടുംബവുമായി ചിലവഴിക്കാൻ സമയം കണ്ടെത്തണം. മാതാപിതാക്കളിൽ ഒരു നല്ല സുഹൃത്തിനെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മക്കൾ വഴി തെറ്റാൻ സാധ്യത കൂടുതലാണ്. തങ്ങളെ സ്നേഹിക്കാനും കരുതാനും സംസാരിക്കാനും തലോടാനും വേറെ ആർക്കും അവർ അവസരം കൊടുത്തേക്കാം. അതിന്റെ കാലിക ഔചിത്യം വിഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നതാണെങ്കിലും. എല്ലാം തുറന്നു പറയാൻ അവർക്കു സമയം നൽകണം, മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണം. കുട്ടികളെ തനിച്ചയ്ക്കുന്ന പ്രവണത അപകടം വിളിച്ചു വരുത്തും.
എന്റെ അനുഭവം വച്ച് ശരാശരി മുപ്പതിൽ 2 ആൾക്ക് എന്ന നിലയിൽ കടുത്ത മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ട്. അധികവും കുടുംബത്തിലെ പ്രശ്നനങ്ങളാണ്. പലരും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് . വിഷയനത്തിന്റെ ഗൗരവം മനസ്സിലാക്കി ഒരു ഗവണ്മെന്റ് സ്‌കൂൾ പ്രധാന അദ്ധ്യാപിക സ്ഥിരമായി ഒരു മാനസിക വിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് എനിക്കറിയാം . ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് എന്നത് തർക്കം ഇല്ലാത്ത വിഷയമാണ്.
കുട്ടികൾ ഒരു സ്വത്താണ് . വീടിന്റെയും നാടിന്റെയും. നമ്മൾ എന്തായിരിക്കുന്നുവോ അതായിരിക്കും നമ്മുടെ മക്കളും. എല്ലാവരും ഒരു മാതൃക ആകുക നമ്മുടെ കുട്ടികൾക്ക് . അപ്പോഴാണ് നാളെ ഒരു മികച്ച സമൂഹം വിഭാവനം ചെയ്യപ്പെടുന്നത്.
(ഡോ. പോൾ വി മാത്യു )
കുട്ടികൾ ഒരു സ്വത്താണ് . വീടിന്റെയും നാടിന്റെയും. നമ്മൾ എന്തായിരിക്കുന്നുവോ അതായിരിക്കും നമ്മുടെ മക്കളും. എല്ലാവരും ഒരു മാതൃക ആകുക നമ്മുടെ കുട്ടികൾക്ക് . അപ്പോഴാണ് നാളെ ഒരു മികച്ച സമൂഹം വിഭാവനം ചെയ്യപ്പെടുന്നത്.
(ഡോ. പോൾ വി മാത്യു )
No comments:
Post a Comment