Tuesday, August 14, 2018

പേരെന്റ്സ് മീറ്റിംഗുകളിൽ

ഏകദേശം പതിനഞ്ചു വർഷം പിന്നിട്ടിരിക്കുന്നു. ഞാൻ പന്ത്രണ്ടു വർഷം പഠിച്ച എൻ്റെ  വിദ്യാലയത്തിൽ ഒരു അതിഥി ആയി ഞാൻ എത്തിയിരിക്കുകയാണ് . ഈ മാസത്തെ പന്ത്രണ്ടാമത്തെ പേരെന്റ്സ് മീറ്റിങ്ങിലാണ് സംസാരിക്കുന്നത് . എന്നെ ഏറെ സ്വാധീനിച്ചത് അവിടുത്തെ അധ്യാപകർ തന്നെയാണ് . ഒരു പക്ഷെ പലപ്പോഴായി നാം തന്നെ വിമർശനമുനയോടെ ചോദിക്കാറുള്ള ചോദ്യം ഇത്തവണ ഉത്തരരൂപേണ പറഞ്ഞത് സ്വാഗത പ്രസംഗം നടത്തിയ എക്കണോമിക്സ് അധ്യാപകൻ ജോസ് സാർ ആണ്. "നിങ്ങളെല്ലാം അടയ്ക്കുന്ന നികുതി പണം കൊണ്ടാണ് ഞങ്ങൾക്ക് വൻ തുക മാസ ശമ്പളമായി നൽകുന്നത്. ഒരു രക്ഷാകർത്താവ് അല്ലെങ്കിൽ വിദ്യാർത്ഥി എന്നതിനോടൊപ്പം ഒരു നികുതി ദായകൻ എന്ന നിലയിൽ കൂടി നിങ്ങൾ ഞങ്ങളെ വിലയിരുത്തണം. തെറ്റുകൾ തിരുത്താൻ ഞങ്ങൾ സന്നദ്ധരാണ്. ഒരു കൂട്ടായ പ്രവർത്തനം വിജയത്തിന് അനിവാര്യമാണ്. ഇനി മുതൽ രക്ഷകർത്താക്കൾ രണ്ടു പേരും കൂടി മീറ്റിംഗിന് കടന്നു വരൂ. നിങ്ങളുടെ കുട്ടികളിൽ ഞങ്ങൾ അത്ഭുതം സൃഷ്ടിക്കാം". അത് ഒരു വെല്ലു വിളിയായിരുന്നു.

പേരെന്റ്സ്  മീറ്റിംഗുകളിൽ ഞാൻ പൊതുവെ കാണാറുണ്ട്. ഇപ്പോഴും വിരലിൽ എണ്ണാവുന്ന  ആളുകൾ ആണ് വന്നു ചേരുക. ഒരു പക്ഷെ ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാനുള്ള ബദ്ധപ്പാടിൽ സാധിക്കാതെ വരുന്നതാകാം. കുറ്റം പറയാൻ ആകില്ല. സ്‌കൂളിൽ വിട്ടാൽ ബാക്കിയെല്ലാം അദ്ധ്യാപകരുടെ ഉത്തരവാദിത്തം ആണ് എന്ന് ധരിക്കുന്നവരും ഉണ്ട്. തിരുത്താൻ ശ്രമിക്കുന്ന അധ്യാപകർ ക്രൂശിക്കപ്പെടുന്ന സംഭവങ്ങൾ പലതും നാം വായിച്ചിട്ടുണ്ട്. "മാതാപിതാക്കളുടെ സഹകരണവും മനസ്സിലാക്കലും ആണ് ഇന്നിന്റെ ആവശ്യം . അത് മനസ്സിലാക്കി പ്രവർത്തിക്കുന്നവർ നല്ല വ്യകതിത്വങ്ങളെ സൃഷ്ടിക്കുന്നു". പ്രിൻസിപ്പൽ ഗീത ടീച്ചർ പറഞ്ഞു വച്ചതു ഇതാണ്.

ഏതാനും നാളുകൾക്ക് മുൻപ് ഞാൻ ഒരു സ്‌കൂളിൽ ചെല്ലുകയുണ്ടായി . ഏകദേശം അറുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ അധ്യാപകന്റെ മുൻപിൽ കരഞ്ഞു കൊണ്ട് പറയുകയാണ്. "അവന്റെ ഫോൺ തിരികെ കൊടുക്കണം. അവൻ വിഷമിക്കുന്നത് എനിക്ക് കാണാൻ വയ്യ". സ്‌കൂളിൽ ഫോൺ കൊണ്ട് വന്ന് വേണ്ടാതീനങ്ങൾ കാണിച്ചതിന് അധ്യാപകൻ ഫോൺ പിടിച്ചു വച്ചതാണ്. പോകുന്നതിനു മുൻപ് ആ പിതാവ് ഒരു കാര്യം കൂടി പറഞ്ഞു "സാറെ ഞാൻ വന്ന കാര്യം പറയണ്ട. ഫോൺ വിളിച്ചു എന്ന് പറഞ്ഞാൽ മതി. അവനു വിഷമം ആകും". ഒരിക്കൽ ഒരു വിദ്യാർത്ഥിയുടെ പിതാവിനെ കാണാൻ ഇടയായി . അദ്ദേഹത്തിന്റെ മകൻ ക്‌ളാസിൽ സമയത്തിന് വരാത്തതിനെക്കുറിച്ചു ചോദിച്ചു. "സാർ , ഞങ്ങൾക്ക് പറയാൻ പേടിയാ. അവൻ എന്തെങ്കിലും ചെയ്താൽ...ഇപ്പോൾ നമ്മൾ പലതും വായിക്കുന്നില്ലേ . സാർ ഒന്ന് ഉപദേശിക്ക് ". തിരുത്തലുകൾ ആവശ്യമാണ് . തിരുത്തേണ്ട സമയത്തു തിരുത്താൻ മടിക്കരുത്. ഒപ്പം ജോസ് സാർ പറഞ്ഞതിനോട് ചേര്ത്തു എഴുതട്ടെ "എനിക്ക് തിരുത്താൻ സാധിക്കാത്ത തെറ്റ് വേറൊരാൾ തിരുത്താൻ ഞാൻ ഒരിക്കലും പറയാറില്ല". എപ്പോഴും ഓർക്കുക നാം നമ്മുടെ കുട്ടികൾക്ക് കാണപ്പെടുന്ന ദൈവമായിരിക്കണം., മാതൃക ആയിരിക്കണം.

ഒരു കാര്യം മറക്കരുത്.  തിരുത്തലുകൾ നല്ലതാണു എന്നാൽ അതിനേക്കാൾ ഗുണം ചെയ്യുന്നതാണ് പ്രോത്‌സാനം. ഏതാനും ആഴ്ചകൾക്ക് മുൻപ് , ഒരു സ്‌കൂളിൽ അസാപിന്റെ (നൈപുണ്യ വികസന പദ്ധതി)വിലയിരുത്തൽ പ്രോഗ്രാം നടക്കുകയായിരുന്നു. ഒരു കുട്ടി വികാരാധീനനായി പറഞ്ഞത് ഇപ്രകാരമാണ്. "എനിക്ക് അസാപിൽ  ചേരണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. എന്നാൽ 'അമ്മ സമ്മതിച്ചില്ല. നിനക്ക് രാവിലെ എല്ലാം നേരെത്തെ പോകേണ്ടി വരില്ലേ, ബുദ്ധിമുട്ടാകില്ലേ മോനെ എന്നെല്ലാം പറഞ്ഞാണ് നിര്‌സ്താഹപ്പെടുത്തിയത് . ഒരു പക്ഷെ തെറ്റായിരിക്കാം, എങ്കിലും ധിക്കാരപൂർവ്വം എന്ന വണ്ണം ഞാൻ അമ്മയെ നിർബന്ധിക്കുകയായിരുന്നു . എന്ന് എന്റെ തീരുമാനം വലിയ ശരി ആണ് എന്ന് എനിക്ക് മനസ്സിലായി". നമ്മുടെ കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ ആണ് അവൻ പറഞ്ഞു തീർത്തത്. കുട്ടികൾ പറയുന്നത് എല്ലാം അംഗീകരിക്കണം അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കണം എന്നല്ല. എന്നാൽ എന്ത് വേണം എന്ത് വേണ്ട എന്ന് നാം മനസ്സിലാക്കിയിരിക്കണം. രക്ഷാകർതൃയോഗങ്ങൾ ഇതിനു വളരെ സഹായകം ആകും.

കോമേഴ്‌സ് അദ്ധ്യാപികയായ ആഷാ ടീച്ചർ ആണ് നന്ദി പറഞ്ഞത്. "ഞാൻ എന്റെ പഴയ കാലങ്ങളിലേക്കു ഒന്ന് തിരിഞ്ഞു നോക്കുകയായിരുന്നു. ഞങ്ങളെല്ലാം വളരെ അധികം തുകയും സമയവും എടുത്താണ് അസാപ് പോലെയുള്ള പദ്ധതികൾ നൽകുന്ന ഗുണങ്ങൾ സ്വായത്തം ആക്കിയത്. ഇത് എല്ലാവരും പ്രയോജന പെടുത്തണം". ഒരു മാതാവ് പറഞ്ഞത് ഇങ്ങനെയാണ് "ഇത്രയും നല്ല ഒരു സംരഭം ആണ് അസാപ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇവൻ ഇങ്ങനെയൊന്നും അല്ല പറഞ്ഞത്. എന്റെ മോനെ എന്തായാലും ചേർക്കണം".

തികച്ചും സന്തോഷം നിറഞ്ഞ അനുഭവത്തോടും മനസ്സോടും കൂടെയാണ് ഞാൻ എന്റെ പൂർവ്വ വിദ്യാലയത്തിൽ നിന്ന് തിരികെ പോന്നത്. രക്ഷാകർതൃയോഗത്തിനു കടന്നു വന്ന എല്ലാം മാതാപിതാക്കളും തങ്ങളുടെ മക്കളെ അസാപിൽ ചേർക്കാൻ ആവശ്യപ്പെട്ടു എന്ന ചാരിതാർഥ്യം. എന്റെ മുറ്റത്തെ വിദ്യാലയം ഏറ്റവും മികച്ചതും ആത്മാർതഥായുമുള്ള ഗുരുനാഥരാൽ  നിറഞ്ഞതാണെന്ന് തിരിച്ചറിവും സന്തോഷവും . എന്നാൽ എന്റെ ഗ്രാമത്തിലെ ആരെയും ഞാൻ അവിടെ കണ്ടില്ലല്ലോ എന്ന നിരാശയും.

രാവി ലാൽ, ഡാൽമിയ, മരിയ, മിനി ഇനീ അധ്യാപകരോടൊപ്പം .
(ഡോ : പോൾ വി മാത്യു, പൂർവ്വ വിദ്യാർത്ഥി, പൂത്തൃക്ക സ്‌കൂൾ )

1 comment:

  1. Which is the best gum treatment in delhi. Identity+ has grown into the best smile design dental clinic in delhi ncr (gurgaon). Dr Sharad Gupta is the best cosmetic dentist in gurgaon and delhi ncr has over 18 years of experience in cosmetic dentistry, smile design and best gum treatment.

    ReplyDelete